കുമ്പസാര രഹസ്യം ചോർത്തിയത് പത്ത് വർഷം മുമ്പാണെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
കുമ്പസാര രഹസ്യം ചോർത്തിയത് പത്ത് വർഷം മുമ്പാണെന്ന് വെളിപ്പെടുത്തൽ
Publish Date: Mon, 02 Jul 2018 (09:21 IST)
Updated Date: Mon, 02 Jul 2018 (09:22 IST)
പീഡനത്തിന് ഇരയായ യുവതി ഓർത്തോഡോക്സ് സഭയിലെ അഞ്ചു വൈദികർക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനൽകി. കുമ്പസാര രഹസ്യം ചോർത്തിയത് 10 വർഷം മുമ്പാണെന്ന് വെളിപ്പെടുത്തിയായിരുന്നു സത്യപ്രസ്‌താവന.
മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവർ നടത്തിയ കുമ്പസാരമാണ് വൈദികൻ ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്നു കുമ്പസാരം കേട്ടത്. പിന്നീട് ഇയാൾ വഴി ഇത് മറ്റ് വൈദികർ അറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു.
വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റ് നാല് പേരും തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും യുവതി പറയുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു നൽകിയ പരാതിയൊടൊപ്പമാണ് സത്യപ്രസ്താവനയും നൽകിയത്. ഇതിനെത്തുടർന്നാണ് ആരോപണ വിധേയരായ വൈദികരെ ഇടവക ചുമതലകളിൽ നിന്ന് മാറ്റിയതും അന്വേഷണം പ്രഖ്യാപിച്ചതും.