'നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആര് പറയുന്നതാണ് ശരിയെന്ന് ഇതുവരെ മനസ്സിലായിട്ടില്ല': ഊർമിള ഉണ്ണി
'നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആര് പറയുന്നതാണ് ശരിയെന്ന് ഇതുവരെ മനസ്സിലായിട്ടില്ല': ഊർമിള ഉണ്ണി
Publish Date: Mon, 02 Jul 2018 (08:53 IST)
Updated Date: Mon, 02 Jul 2018 (08:57 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്ന് 'അമ്മ'യിൽ നിന്ന് നാല് നടിമാർ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഈ നടിമാർക്ക് പിന്തുണ അറിയിച്ചും 'അമ്മ'യെ പിന്തള്ളിക്കൊണ്ടും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി ഊർമിള ഉണ്ണി രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഊർമിളാ ഉണ്ണി ആയിരുന്നു. കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.
നടിയെ ആക്രമിച്ച സംഭവത്തിൽ ആര് പറയുന്നതാണ് ശരിയെന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ലെന്നും നടിക്ക് താൻ പിന്തുണ നൽകിയിരുന്നതായും ഊർമിള ഉണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കി. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാന്‍ തനിക്ക് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളുവെന്നും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.