ഫ്‌ളമിങ് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞു
ഐപിഎൽ ആദ്യ പതിപ്പിൽ ചെന്നൈയ്ക്കായി കളിച്ച ഫ്‌ളമിങ് 2009 മുതലാണ് പരിശീലകസ്ഥാനം വഹിക്കുന്നത്
Publish Date: Mon, 13 Jul 2026 (12:05 IST)
Updated Date: Mon, 13 Jul 2026 (12:58 IST)
ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീഫൻ ഫ്‌ളമിങ് ഒഴിഞ്ഞു. ന്യൂസിലൻഡ് മുൻ നായകൻ കൂടിയായ ഫ്‌ളമിങ് 18 വർഷത്തെ ചെന്നൈ ബന്ധത്തിനാണ് ഫുൾസ്റ്റോപ്പിട്ടിരിക്കുന്നത്. ഈ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഫ്‌ളമിങ്ങിന്റെ പടിയിറക്കം.
ഐപിഎൽ ആദ്യ പതിപ്പിൽ ചെന്നൈയ്ക്കായി കളിച്ച ഫ്‌ളമിങ് 2009 മുതലാണ് പരിശീലകസ്ഥാനം വഹിക്കുന്നത്. 2016, 2017 സീസണുകളിൽ ചെന്നൈയ്ക്ക് ഐപിഎൽ നിരോധനം ലഭിച്ചപ്പോൾ പൂണെ സൂപ്പർ ജയന്റ്‌സിനെ പരിശീലിപ്പിച്ചു. ഫ്‌ളമിങ്ങിനു കീഴിൽ ചെന്നൈ പത്ത് ഐപിഎൽ ഫൈനലുകൾ കളിച്ചു, അതിൽ അഞ്ച് തവണയും കിരീടമുയർത്തി. ഐപിഎലിൽ ഫ്‌ളമിങ്ങിന്റെ അത്രത്തോളം ഒരു ഫ്രാഞ്ചൈസിയിൽ തുടർന്ന മറ്റൊരു പരിശീലകനില്ല.
കഴിഞ്ഞ ഏതാനും സീസണുകളിലായി ചെന്നൈയുടെ പ്രകടനം വളരെ മോശമാണ്. ഇക്കാരണത്താലാണ് ഫ്‌ളമിങ്ങിന് പരിശീലകസ്ഥാനം ഒഴിയേണ്ടിവന്നത്. ചെന്നൈയ്ക്ക് 2024 മുതൽ പ്ലേ ഓഫ് കാണാൻ കഴിഞ്ഞിട്ടില്ല. 2025 ൽ ഏറ്റവും അവസാന സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.