Hardik Pandya: കൊൽക്കത്ത നായകനായി ഹാർദിക് എത്തുമോ? താൽപര്യം പ്രകടിപ്പിച്ച് ചെന്നൈയും
ഹാർദിക്കിനെ സ്വന്തമാക്കാൻ ഏഴ് ഐപിഎൽ ഫ്രാഞ്ചൈസികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന
Publish Date: Wed, 01 Jul 2026 (15:37 IST)
Updated Date: Wed, 01 Jul 2026 (16:14 IST)
Hardik Pandya: ഐപിഎൽ 2027 (IPL 2027) സീസണിനു മുന്നോടിയായുള്ള ട്രേഡ് വിപണി ചർച്ചകൾ തകൃതിയായി നടക്കുകയാണ്. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ആര് സ്വന്തമാക്കുമെന്ന് അറിയാനാണ് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്. മാനേജ്‌മെന്റും സഹതാരങ്ങളുമായി അത്ര നല്ല ബന്ധത്തിൽ അല്ലാത്ത ഹാർദിക് മുംബൈ വിടാനുള്ള തീരുമാനം സ്വയമേവ എടുക്കുകയായിരുന്നു. ഹാർദിക്കിനെ പിടിച്ചുനിർത്താൻ മുംബൈ ഫ്രാഞ്ചൈസിയും തയ്യാറല്ല.
ഹാർദിക്കിനെ സ്വന്തമാക്കാൻ ഏഴ് ഐപിഎൽ ഫ്രാഞ്ചൈസികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ചെന്നൈ സൂപ്പർ കിംഗ്‌സും (CSK) ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (KKR) രാജസ്ഥാൻ റോയൽസും (RR) ഹാർദിക്കിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഏത് താരത്തെ വിട്ടുകൊടുത്തായിരിക്കും ഹാർദിക്കിനായി ചെന്നൈ മുംബൈയുമായി സ്വാപ്പ് ഡീലിൽ ഏർപ്പെടുകയെന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
2026 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് ഹാർദിക്കിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ടീമിൽ വലിയ അഴിച്ചുപണിക്ക് മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണെന്നും ചില സീനിയർ താരങ്ങളെ ട്രേഡ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നുവെന്നുമാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR), രാജസ്ഥാൻ റോയൽസ് (RR) എന്നീ ടീമുകളും ഹാർദിക്കിനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കെകെആർ ഹാർദിക്കിന് നായകസ്ഥാനം വാഗ്ദാനം ചെയ്‌തേക്കാമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അജിങ്ക്യ രഹാനെയെ റിലീസ് ചെയ്യാൻ തീരുമാനിച്ച കൊൽക്കത്ത പകരം ക്യാപ്റ്റൻസിയിലേക്കാണ് ഹാർദിക്കിനെ പരിഗണിക്കുന്നത്. നായകസ്ഥാനം ലഭിക്കുന്നതിനാൽ ഹാർദിക്കിനും ഈ ഡീലിൽ താൽപര്യമുണ്ട്. ഹാർദിക്കിനു പകരം ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ ആവശ്യപ്പെട്ടേക്കാം. ഇതിനു കൊൽക്കത്ത തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
ചില റിപ്പോർട്ടുകളിൽ, ഹാർദിക്കിന് പകരം രാജസ്ഥാൻ റോയൽസിൽ നിന്ന് യുവതാരം യശസ്വി ജയ്‌സ്വാളിനെ മുംബൈയിലെത്തിക്കുന്ന സ്വാപ്പ് ഡീലിനെക്കുറിച്ചും ചർച്ചകൾ നടന്നതായി പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. മാത്രമല്ല രാജസ്ഥാനിൽ പോയാൽ നായകസ്ഥാനം ലഭിക്കില്ലെന്ന് അറിയുന്നതിനാൽ ഹാർദിക്കിനും ഈ ഡീലിൽ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്.
ഐപിഎൽ ട്രേഡ് നിയമപ്രകാരം, ഒരു താരത്തെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറ്റുന്നതിന് രണ്ട് ടീമുകളുടെയും ധാരണയ്‌ക്കൊപ്പം താരത്തിന്റെ സമ്മതവും നിർബന്ധമാണ്. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ എല്ലാം റിപ്പോർട്ടുകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലുള്ളവ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമേ ഹാർദിക്കിന്റെ പുതിയ ടീമിനെക്കുറിച്ച് വ്യക്തത ലഭിക്കൂ.
അതേസമയം ഹാർദിക്കുമായി ബന്ധപ്പെട്ട ഡീലിനു യാതൊരു താൽപര്യവും പ്രകടിപ്പിക്കാത്ത രണ്ട് ഫ്രാഞ്ചൈസികൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരബാദുമാണ്.