Ayyoub Bouaddi: 'അങ്ങനങ്ങ് പോയാലോ ചേട്ടൻമാരേ'; പേരുകേട്ട ബ്രസീൽ നിരയെ വിറപ്പിച്ച 18 കാരൻ
മൊറോക്കോയുടെ കളിക്കാരിൽ ഏറ്റവും കൂടുതൽ കൈയടി നേടിയതും ചർച്ചയായതും മധ്യനിര താരം അയ്യൂബ് ഖുആദി ആണ്
Publish Date: Sun, 14 Jun 2026 (12:49 IST)
Updated Date: Sun, 14 Jun 2026 (12:53 IST)
Ayyoub Bouaddi: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനു മൊറോക്കോയോടു സമനില വഴങ്ങേണ്ടിവന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഒരുഘട്ടത്തിൽ മൊറോക്കോ കളി ജയിക്കുമോ എന്ന് പോലും ബ്രസീൽ ആരാധകർ ഭയപ്പെട്ടു.
മൊറോക്കോയുടെ കളിക്കാരിൽ ഏറ്റവും കൂടുതൽ കൈയടി നേടിയതും ചർച്ചയായതും മധ്യനിര താരം അയ്യൂബ് ഖുആദി ആണ്. വെറും പതിനെട്ട് വയസ് മാത്രമുള്ള പയ്യൻ മധ്യനിരയിൽ നെടുംതൂൺ പോലെ ഉറച്ചുനിന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെയെല്ലാം അരങ്ങേറ്റത്തിന്റെ കനമില്ലാതെ അതിവേഗം നിർവീര്യമാക്കുകയായിരുന്നു അയ്യൂബ്.
പാസിങ്ങിലെ കൃത്യതയും ഇന്റർസെപ്ഷനുകളും പന്ത് വീണ്ടെടുക്കുന്നതിനെ മികവുമാണ് അയ്യൂബിനെ വ്യത്യസ്തനാക്കിയത്. പാസിലെ കൃത്യത 91 ശതമാനമായിരുന്നു. അഞ്ച് ഇന്റർസെപ്ഷൻസ് നടത്തി. എതിർ ടീമിൽ നിന്ന് വിദഗ്ധമായി പന്ത് വീണ്ടെടുത്തത് ആറ് തവണ. ബ്രസീലിന്റെ സൂപ്പർതാരങ്ങളായ കാസെമിറോയും ബ്രൂണോയുമെല്ലാം ഒന്നിലേറെ തവണ ഈ പതിനെട്ടുകാരനു മുന്നിൽ ഉത്തരമില്ലാതെ നിന്നു.
പതിനെട്ടുകാരനെ കളത്തിലിറക്കുന്നതിൽ യാതൊരു വെല്ലുവിളിയുമുണ്ടായിരുന്നില്ലെന്നും താരങ്ങളുടെ പ്രായമല്ല പ്രകടനമാണ് പരിഗണിക്കുന്നതെന്നുമാണ് കോച്ച് മത്സരശേഷം പറഞ്ഞത്. അയ്യൂബിന്റെ മികവ് പരിശീലകൻ നേരത്തേ തന്നെ തിരിച്ചറിഞ്ഞാണ് ബ്രസീലിനെതിരേ മധ്യനിരയിൽ കളിക്കാനിറക്കുന്നത്. കൗമാരതാരങ്ങളെ കളിപ്പിക്കുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പറയുന്നു.