Brazil vs Morocco: ബ്രസീലിനു സമനില കുരുക്ക്; വിറപ്പിച്ച് മൊറോക്കോ
ഇസ്മയേൽ സൈബരിയിലൂടെ മൊറോക്കോയാണ് ആദ്യം ഗോൾ നേടിയത്
Publish Date: Sun, 14 Jun 2026 (05:42 IST)
Updated Date: Sun, 14 Jun 2026 (05:46 IST)
Brazil vs Morocco: ആറാം കിരീടം ലക്ഷ്യമിട്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനു ഇറങ്ങിയ ബ്രസീലിനു സമനില കുരുക്ക്. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ബ്രസീലിനെ സമനിലയിൽ പൂട്ടിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഇസ്മയേൽ സൈബരിയിലൂടെ മൊറോക്കോയാണ് ആദ്യം ഗോൾ നേടിയത്. ബ്രസീൽ ഗോൾകീപ്പർ അലിസൺബെക്കറെ നോക്കുകുത്തിയാക്കി സൈബരിയുടെ മനോഹരമായ ഗോൾ പിറന്നത് മത്സരത്തിന്റെ 21-ാം മിനിറ്റിൽ. പ്രതിരോധത്തിലായ ബ്രസീൽ പിന്നീട് ആക്രമിച്ചു കളിച്ചു. 32-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറിലൂടെ കാനറികളുടെ മറുപടി ഗോളെത്തി.
രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഒന്നിലേറെ അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 54 ശതമാനം ബോൾ പൊസഷനുമായി ബ്രസീൽ നേരിയ മുൻതൂക്കം പുലർത്തിയെങ്കിലും 46 ശതമാനം ബോൾ പൊസഷൻ, എട്ട് ഷോട്ട്‌സ്, നാല് ഷോട്ട്‌സ് ഓൺ ടാർഗറ്റ് എന്നിവയുമായി മൊറോക്കോ കളംനിറഞ്ഞു കളിച്ചു.