കാട്ടാന ആക്രമണത്തിൽ ആറാം മരണം; ചെറുവിരലനക്കാതെ സർക്കാർ
ഡി.എഫ്.ഒ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചില്ല
Publish Date: Wed, 10 Jun 2026 (15:13 IST)
Updated Date: Wed, 10 Jun 2026 (15:15 IST)
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. വയനാട് പുളിമൂട് ഉന്നതിയിലെ രാജു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാൾക്കു ആനയുടെ ആക്രമണമേറ്റത്. ഇടത് നെഞ്ചിൽ ചവിട്ടേൽക്കുകയായിരുന്നു.
കൃഷിസ്ഥലത്ത് വെച്ചാണ് രാജുവിനെ ആന ആക്രമിച്ചത്. ആശുപത്രിയുടെ മുന്നിൽ മൃതദേഹം വെച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഇന്നലെ രാത്രി ജനവാസമേഖലയിൽ ഇറങ്ങിയ ആനയെ തുരത്താൻ വനംവകുപ്പ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം.
ഡി.എഫ്.ഒ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചില്ല. കട്ടാന ആക്രമണത്തിൽ സർക്കാരിനു യാതൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഫെൻസിങ് പ്രവർത്തനക്ഷമമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ വനംവകുപ്പ് നടപടിയെടുത്തില്ല. 14 ലക്ഷം നഷ്ടപരിഹാരം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകാതെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുപോകില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.