Publish Date: Wed, 17 Jan 2018 (10:38 IST)
Updated Date: Wed, 17 Jan 2018 (10:40 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നടന്‍ ദിലീപിന് നൽകരുതെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും രീതിയില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, ദിലീപ് നല്‍കിയ ഹർജിയിൽ മറുപടി നൽകാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണ് വിഷയത്തിൽ പൊലീസ് നിലപാട് കടുപ്പിക്കുന്നത്.
ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു ദിലീപിന്റെ പരാതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് എടുത്തതെന്ന നിലപാടിലാണ് ദിലീപ്. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.