നടിക്കൊപ്പം മാർട്ടിനെ ഭീഷണിപ്പെടുത്തിയവരിൽ നടൻ ലാലും!
നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്
Publish Date: Tue, 16 Jan 2018 (12:19 IST)
Updated Date: Tue, 16 Jan 2018 (12:23 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ഒരു നിർമാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നും രണ്ടാം പ്രതി മാർട്ടിൻ കോടതിയെ അറിയിച്ചു.
അതേസമയം, ആക്രമിക്കപ്പെട്ട നടിക്കൊപ്പം നടനും സംവിധായകനും നിർമാതാവുമായ ലാൽ ആണ് മാർട്ടിനെ ഭീഷണിപ്പെടുത്തുന്നതെന്ന് മാർട്ടിന്റെ പിതാവ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, റിമാൻഡിൽ കഴിയുന്ന മാർട്ടിനെ എങ്ങനെയാണ് ഇവർ ഭീഷണിപ്പെടുത്തുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല.
നടിയെയും സുനിയെയും തനിക്കു പേടി ആണെന്നും കോടതിയിൽ മാർട്ടിൻ മൊഴി കൊടുത്തു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മാർട്ടിൻ ഇക്കാര്യം പറഞ്ഞത്. നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു മാർട്ടിൻ.
ഒന്നാം പ്രതിയായ പൾസരു സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്‌തത്. ഒന്നാം പ്രതിയുടെ വാക്കുകൾ അതേപോലെ വിഴുങ്ങിയ പോലീസ് രണ്ടാം പ്രതിയുടെ ഈ മൊഴികളിൽ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുകയാണ് കേരളം.
അതേസമയം, കേസിലെ രേഖകളുടെയും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെയും പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപേക്ഷ നാളെ പരിഗണിക്കും. പൊലീസിന്റെ ഭാഗവും നാളെ കേൾക്കും. അനുബന്ധ കുറ്റപത്രം ചോർന്നതു സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ കോടതിവിധിയും നാളെയുണ്ടാകും.