Spain vs France: സ്പാനിഷ് പ്രഹരത്തിൽ ഫ്രാൻസിന്റെ ബോൾട്ടിളകി; തലകുനിച്ച് എംബാപ്പെ
22-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒയർസബാലും 58-ാം മിനിറ്റിൽ ഫ്രാൻസ് പ്രതിരോധത്തെ പൊളിച്ചടുക്കി പെഡ്രോ പോറയും സ്‌പെയിന് വേണ്ടി വല കുലുക്കി
Publish Date: Wed, 15 Jul 2026 (02:48 IST)
Updated Date: Wed, 15 Jul 2026 (02:52 IST)
Spain vs France: തോൽവിയറിയാതെയുള്ള ഫ്രഞ്ച് കുതിപ്പിന് കടിഞ്ഞാണിട്ട് സ്‌പെയിൻ. ലോകകപ്പ് നേടുമെന്ന് ഒട്ടുമിക്ക ഫുട്‌ബോൾ അനലിസ്റ്റുകളും പ്രവചിച്ച ഫ്രാൻസ് സെമി ഫൈനലിൽ സ്‌പെയിനോടു തോറ്റ് മടങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിനെ സ്പാനിഷ് പട കീഴടക്കിയത്.
ലോകകപ്പിലെ ഏറ്റവും മോശം കളിയുമായി ഫ്രാൻസ് ആരാധകരെ നിരാശപ്പെടുത്തിയപ്പോൾ ടിക്കി ടാക്കയിലൂടെ പന്ത് കൈവശം വെച്ചും പഴുതുകൾ ലഭിക്കുന്ന സമയത്ത് ഫ്രഞ്ച് ഗോൾ പോസ്റ്റിലേക്ക് ആക്രമണോത്സുകമായി പാഞ്ഞെത്തിയും സ്‌പെയിൻ കളംനിറഞ്ഞു.
22-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒയർസബാലും 58-ാം മിനിറ്റിൽ ഫ്രാൻസ് പ്രതിരോധത്തെ പൊളിച്ചടുക്കി പെഡ്രോ പോറയും സ്‌പെയിന് വേണ്ടി വല കുലുക്കി. ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസിക്കൊപ്പമുള്ള ഫ്രാൻസ് നായകൻ എംബാപ്പെയ്ക്ക് ഒരു ഗോൾ പോലും നേടാനായില്ല. ഫ്രാൻസിന്റെ മുന്നേറ്റങ്ങളെയെല്ലാം അനായാസം തട്ടിയകറ്റാൻ സ്‌പെയിൻ പ്രതിരോധനിരയ്ക്കു സാധിച്ചു.
ഇംഗ്ലണ്ട് vs അർജന്റീന രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികളെയാണ് സ്‌പെയിൻ ഫൈനലിൽ നേരിടേണ്ടത്.