മുകേഷും ഷമ്മി തിലകനും തമ്മിൽ വാക്കേറ്റം, കൈയ്യാങ്കളിയെത്തിയപ്പോൾ മോഹൻലാൽ ഇടപെട്ടു
‘തന്റെ വളിപ്പ് ഡയലോഗ് ഇവിടെ വേണ്ട, മാന്നാർ മത്തായി സ്പീക്കിങ്-2വിന്റെ സെറ്റിൽ നടന്നത് ഓർമയുണ്ടല്ലോ?‘ - മുകേഷിനെ നിർത്തിപ്പൊരിച്ച് ഷമ്മി തിലകൻ
Publish Date: Thu, 09 Aug 2018 (08:26 IST)
Updated Date: Thu, 09 Aug 2018 (08:27 IST)
താരസംഘടനയായ 'അമ്മ' ഇനി പൂർണമായും മോഹൻലാലിന്റെ കൈപ്പിടിയിൽ. നിലവിൽ മലയാള സിനിമ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും വിവാദങ്ങളും അമ്മ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിളിച്ച് ചേർത്ത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ നടന്മാരായ മുകേഷും ഷമ്മി തിലകനും തമ്മിൽ വാക്കേറ്റമുണ്ടായി.
അമ്മ വിലക്കിയതിന് ശേഷവും ഷമ്മി സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു വാക്കേറ്റം. ‘വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ‘ന്ന ഷമ്മിയുടെ ഡയലോഗ് മുകേഷിന് കൊണ്ടു.
‘ഞാൻ അവസരങ്ങൾ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ‘അവസരങ്ങൾ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാർ മത്തായി സ്പീക്കിങ്-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവമെന്നും ഷമ്മി തിലകൻ യോഗത്തിൽ വിശദീകരിച്ചു.
തിലകനെയും ഷമ്മിയെയും ചേർത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. ‘തന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി പി എമ്മിനെ പറഞ്ഞാൽ മതിയെന്നും ഷമ്മി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതോടെ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെടുകയായിരുന്നു.