കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 2398 അടിയാണ് ജയലിരപ്പിന്റെ അളവ്. അതേസമയം, ജലനിരപ്പുയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ടു തൽക്കാലം തുറക്കേണ്ടെന്നു വൈദ്യുതി ബോർഡിന്റെ തീരുമാനം.
2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നിലവിൽ ഈ നിശ്ചിത പരിധി കഴിഞ്ഞെങ്കിലും തൽക്കാലം ഷട്ടർ ഉയർത്തണ്ട എന്നാണ് തീരുമാനം.
ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തിൽ ഉൽപാദനം പൂർണതോതിൽ നടന്നു. ജലസംഭരണിയിൽ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്. ഇതേ തോതിൽ തന്നെ മഴ ശക്തിപ്രാപിക്കുകയാണെങ്കിൽ ഏറിയാൽ ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി തുറക്കുമെന്ന് സൂചനയുണ്ട്.
മഴയുടെ ശക്തി കുറഞ്ഞില്ലെങ്കിൽ ഡാമിന്റെ പരമാവധി സംഭരണശേഷിയെന്നുള്ള 2403 അടി നിറയാനുള്ള സാധ്യതയുണ്ട്. സാധാരണ കാലവർഷ സമയത്ത് ഇടുക്കി ഡാമിൽ ജലനിരപ്പ് ഇത്ര ഉയരാറില്ല.