ബാലഭാസ്കറിന് പകരക്കാരനോ?
‘പകരക്കാരനെന്ന് പറയരുത്, ഞാൻ അദ്ദേഹത്തിന് പകരമാകില്ല’- ശബരീഷ്
ബാലഭാസ്കറിന്റെ വിയോഗത്തിൽ നിന്നും ഇതുവരെ കുടുംബം കരകയറിയ്ട്ടില്ല. ഇപ്പോഴിതാ, ബാലഭാസ്കറിനു പകരക്കാരനായി എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒക്ടോബർ ഏഴിന് ബെംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്തത് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്.
ആരാധകർക്ക് മറുപടിയുമായി ശബരീഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ: ‘എനിക്ക് ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്നു പറഞ്ഞറിയിക്കാനാകില്ല. ഈ അവസരത്തിൽ പകരക്കാരനെന്ന രീതിയിലുള്ള പ്രചാരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്. മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയതു നടത്താതിരുന്നാൽ സംഘാടകർക്കു ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിനു ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. ദയവായി പകരക്കാരനെന്നു വിളിച്ചു ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിനു പകരമാകാൻ സാധിക്കില്ല‘- ശബരീഷ് പറയുന്നു.