അമ്മയിലെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നതിൽ നിന്നും പാർവതിയെ പിന്തിരിപ്പിച്ചു എന്ന പത്മപ്രിയയുടെ പ്രസ്ഥാവനക്ക് മറുപടിയുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. പാർവതിയെ മത്സരിപ്പിക്കുന്നതിൽ നിന്നും താൻ പിന്തിരിപ്പിച്ചു എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു വ്യക്തമാക്കി.
ആരെയും പിന്തിരിപ്പിക്കൻ ശ്രമിച്ചിട്ടില്ല. പാർവതിയെ പാനലിൽ ഉൾപ്പെടുത്താനാണ് ശ്രമിച്ചത്. ഇക്കാര്യത്തെ കുറിച്ച് അമ്മ ഷോ നടക്കുന്ന സമയത്ത് പാർവതിയുമായി സംസാരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിദേശത്തായിരിക്കും എന്നാണ് പാർവതി പറഞ്ഞത്.
വനിത കൂട്ടായ്മയിലെ മറ്റൊരു പ്രമുഖ നടിയെ വൈസ് പ്രസിഡന്റാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ എല്ലാ പിന്തുണയും ഉണ്ടാകും എന്നാൽ ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്നായിരുന്നു മറുപടി. എന്ന് ഇടവേള ബാബു പറഞ്ഞു.
അമ്മയിൽ ജനാധിപത്യം ഇല്ലെന്നും മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പാർവതിയെ ഇടവേള ബാബു പിന്തിരിപ്പിച്ചെന്നുമായിരുന്നു പത്മപ്രിയ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. ഭാരവാഹികളെ മുൻകൂട്ടി തീരുമാനിക്കുന്ന രീതിയാണ് അമ്മയിലുള്ളത് എന്നും പത്മപ്രിയ പറഞ്ഞിരുന്നു.