Publish Date: Sat, 29 Aug 2026 (09:00 IST)
Updated Date: Sat, 29 Aug 2026 (08:45 IST)
ട്രെയിന്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുന്ന ഒരു ലഘുഭക്ഷണപ്പൊതിക്ക് ഇനി 1,000 രൂപ പിഴ നല്‍കേണ്ടി വന്നേക്കാം. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മാലിന്യം നിക്ഷേപിക്കുന്നതിനും ശുചിത്വവുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ക്കും ചുമത്തുന്ന പിഴ ഇന്ത്യന്‍ റെയില്‍വേ 500 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. 'ഇന്ത്യന്‍ റെയില്‍വേ (റെയില്‍വേ പരിസരത്തെ ശുചിത്വത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിഴകള്‍) ചട്ടം, 2012 ഭേദഗതി ചെയ്തുകൊണ്ട് 2026 ഓഗസ്റ്റ് 24-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ മാറ്റം നടപ്പിലാക്കിയത്.
നിശ്ചിത മാലിന്യശേഖരണ കേന്ദ്രങ്ങളിലല്ലാതെ റെയില്‍വേ സ്റ്റേഷനുകളിലോ പ്ലാറ്റ്ഫോമുകളിലോ ട്രെയിന്‍ കോച്ചുകള്‍ക്കുള്ളിലോ മാലിന്യം വലിച്ചെറിയുകയോ തള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ബാധകമായിരിക്കും. ശുചിത്വത്തെ ബാധിക്കുന്ന മറ്റ് പലതരം പ്രവര്‍ത്തനങ്ങളും ഈ ചട്ടങ്ങളുടെ പരിധിയില്‍ വരുന്നുണ്ട്. സ്റ്റേഷനുകള്‍, പ്ലാറ്റ്ഫോമുകള്‍, ട്രെയിന്‍ കോച്ചുകള്‍ എന്നിവയുള്‍പ്പെടെ റെയില്‍വേയുടെ പരിസരം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ ചട്ടം ബാധകമാണ്. റെയില്‍വേയുടെ വിപുലമായ ശൃംഖലയിലുടനീളം ശുചിത്വം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.