Publish Date: Sat, 29 Aug 2026 (08:47 IST)
Updated Date: Sat, 29 Aug 2026 (08:16 IST)
സ്വാതന്ത്രദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ച ദിമാഗി നക്സലുകള്‍ എന്ന പ്രയോഗത്തെ വിശകലനം ചെയ്ത് കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഡൈസറി കൗണ്‍സില്‍ ദിമാഗി നക്സലുകള്‍ ഭരണകൂടത്തെ കൈയടക്കിയതിന്റെ ഉദാഹരണമാണെന്നാണ് ഓര്ഗണൈസറിലെ ലേഖനം പറയുന്നത്.
നഗരങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, സ്വയം പ്രഖ്യാപിത ഭൂരിപക്ഷേതര വിഭാഗങ്ങള്‍ എന്നിവരുടെ പേരില്‍ ഒന്നിലധികം സംഘടനകള്‍ ഉണ്ടാക്കുന്നവരാണ് ദിമാഗി നക്സലുകളെന്ന് ലേഖനം പറയുന്നു. ഇവര്‍ മറ്റു സംഘടനകളില്‍ നുഴഞ്ഞുകയറുകയും രഹസ്യമായി അജണ്ട രൂപീകരിക്കുകയും ചെയ്യുന്നു.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ ഭരണക്കാലത്തെ നാഷണല്‍ അഡൈസറി കൗണ്‍സിലാണ് ഇതിന്റെ ക്ലാസിക് ഉദാഹരണം. ഉദ്യോഗസ്ഥവൃന്ദം, നയരൂപീകരണ സംവിധാനം, നിയമവ്യവസ്ഥ, അക്കാദമിക് രംഗം, മാധ്യമങ്ങള്‍, എന്‍ജിഒകള്‍ എന്നിവയിലേക്ക് നുഴഞ്ഞുകയറുക എന്നിവ ഇവരുടെ വിപ്ലവകരമായ തന്ത്രങ്ങളുടെ ഭാഗമാണ്. അവര്‍ തോക്കുധാരികളല്ല, പകരം പ്രശസ്ത ചരിത്രകാരന്മാര്, അല്ലെങ്കില്‍ ബുദ്ധിജീവികള്‍, അവാര്‍ഡുകള്‍ നേടിയ സാഹിത്യകാരന്മാര്, നിയമവിദഗ്ധര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, സെലിബ്രിറ്റി നടന്മാര്, നടികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന ലേബലുകള്‍ ഉപയോഗിക്കുന്നവരാണെന്നും ലേഖനത്തില്‍ പറയുന്നു.
ഓഗസ്റ്റ് 15ന് രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദിമാഗി നക്സല്‍ എന്ന പ്രയോഗം ഉപയോഗിച്ചത്. പൗരന്മാര് ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നായിരുന്നു മോദിയുടെ ആവശ്യം. വനങ്ങളില്‍ നിന്ന് സായുധ നക്സലിസത്തെ തുടച്ചുനീക്കാന്‍ രാജ്യത്തിനായെന്നും എന്നാല്‍ അതിന് സൈദ്ധാന്തിക പിന്തുണ നല്കുന്നവര് ജനങ്ങള്‍ക്കിടയിലുണ്ടെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക