ചിന്നമ്മ ജയിലില്‍ തന്നെ; ശശികലയുടെ പരോൾ അപേക്ഷ ബെംഗളൂരൂ ജയിൽ അധികൃതർ തള്ളി
ശശികലയുടെ പരോൾ അപേക്ഷ തള്ളി
അനധികൃത സ്വത്തുകേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ പരോൾ അപേക്ഷ തള്ളി. ബെംഗളൂരൂ ജയിൽ അധികൃതരാണ് ശശികലയുടെ അപേക്ഷ തള്ളിയത്. കരൾരോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ഭർത്താവ് എം.നടരാജനെ പരിചരിക്കുന്നതിനായാണ് 15 ദിവസത്തെ പരോളിന് ശശികല അപേക്ഷ നല്‍കിയത്.
അപേക്ഷയിൽ വേണ്ടത്ര വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ജയിൽ വകുപ്പ് സൂപ്രണ്ടന്റ് സോമശേഖർ അപേക്ഷ തള്ളിയത്. മാത്രമല്ല കൂടുതൽ വിവരങ്ങളും സത്യവാങ്ങ് മൂലവും ഉൾപ്പെടുത്തി പുതിയ അപേക്ഷ സമർപ്പിക്കാനും ശശികലയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിക്കുള്ളിലായ ശശികലയെ ബംഗളുരൂവിലെ പരപ്പന അഗ്രഹാര ജയിലിലാണു പാർപ്പിച്ചിട്ടുള്ളത്. അതേസമയം, ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന നടരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന സൂചന. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയാണു നടരാജൻ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.