Publish Date: Sat, 12 Sep 2026 (19:20 IST)
Updated Date: Sat, 12 Sep 2026 (18:22 IST)
ന്യൂഡല്‍ഹി: ബ്രിക്‌സ് (BRICS) ആര്‍ക്കും എതിരല്ലെന്നും സമവായത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ബ്രിക്‌സ് തനതായൊരു വ്യക്തിത്വം സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ആരംഭിച്ച ബ്രിക്‌സ് (BRICS) ഉച്ചകോടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യവേ അദ്ദേഹം സംസാരിക്കുകയായിരുന്നു.
'സുഹൃത്തുക്കളേ, ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടി ഒരു ചരിത്രപരമായ നാഴികക്കല്ലാണ്. ബ്രിക്‌സിന്റെ ഇരുപതാം വാര്‍ഷികമാണ് നാം ആഘോഷിക്കുന്നത്. മനുഷ്യജീവിതത്തില്‍ ഇരുപത് വയസ്സ് എന്നത് പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. സ്വപ്നങ്ങള്‍, കടമകള്‍, കഴിവുകള്‍ എന്നിവ ഒത്തുചേര്‍ന്ന് പുതിയൊരു ദിശ കണ്ടെത്തുന്ന ഘട്ടമാണത്. ഇന്ന് ബ്രിക്‌സും അത്തരമൊരു 'പക്വതയുടെ ഘട്ടത്തില്‍' എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ബ്രിക്‌സ് തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
പരസ്പരമുള്ള കാഴ്ചപ്പാടുകളെ മാനിച്ചുകൊണ്ട് സമവായത്തിലൂടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ ആരെയും എതിര്‍ക്കുന്നില്ല. മറിച്ച് എല്ലാവരെയും ഒപ്പം കൂട്ടിക്കൊണ്ടുള്ള ഒരു സമീപനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബ്രിക്‌സിനുള്ളിലെ ഞങ്ങളുടെ ഐക്യത്തെയും സമവായത്തെയും ആഗോളതലത്തില്‍ പ്രകടമായ നേട്ടങ്ങളാക്കി മാറ്റേണ്ട സമയമാണിത്. അടുത്ത 20 വര്‍ഷത്തേക്കുള്ള പുതിയതും വിപുലവുമായ ഒരു അജണ്ടയ്ക്കായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ യാത്ര നമ്മുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ ആരംഭിക്കേണ്ടതുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.