Publish Date: Sat, 25 Feb 2023 (16:50 IST)
Updated Date: Sat, 25 Feb 2023 (16:51 IST)
കൊല്ലം: ഇരുപത്തിമൂന്നുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ മണ്ണൂർ മധു ഭവനിൽ മധു -റീന ദമ്പതികളുടെ മകൾ ധന്യയെയാണ് കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ പതിനാലാം തീയതി ധന്യയെ കാണാതായതോടെ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ അടുത്തുള്ള റബ്ബർ തോട്ടത്തിലെ ഷെഡിൽ നിന്ന് യുവാവിനൊപ്പം ധന്യയെ കണ്ടെത്തി. തുടർന്ന് ഇരുവരെയും കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു യുവാവ് പോലീസിന്റെ സാനിധ്യത്തിൽ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് കോടതിയിൽ ഇരുവരെയും ഹാജരാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും യുവാവ് എത്തിയില്ല. യുവാവിനെ ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ധന്യ. യുവാവിനെതിരെ ധന്യയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.