Publish Date: Sun, 01 Aug 2021 (11:06 IST)
Updated Date: Sun, 01 Aug 2021 (11:09 IST)
കൊട്ടിയൂർ പീഡനകേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി ജാമ്യമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം നൽകണമെന്നാണ് ആവശ്യം. ഹര്‍ജി ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും.
റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഈ ഹർജിയും നാളെയാണ് പരിഗണിക്കുക.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചത്. കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. .എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്.