Publish Date: Sat, 25 Aug 2018 (09:28 IST)
Updated Date: Sat, 25 Aug 2018 (09:29 IST)
ഓഗസ്റ്റ് 27, 28 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
27-ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 28-ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. മഴ മുന്നറിയിപ്പിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രികാല മലയോരയാത്ര ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ വീടൊഴിഞ്ഞ് പോകണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.