പവർകട്ട് ഉണ്ടായാൽ കറന്റ് വന്നിട്ട് സർജറി ചെയ്താൽ മതി; വിവാദ പരാമർശവുമായി ആരോഗ്യമന്ത്രി
ഇന്നത്തെ സാഹചര്യത്തിൽ പവർകട്ട് വേണ്ടിവരും. വൈദ്യുതി മന്ത്രിയും അത് പറഞ്ഞിട്ടുണ്ട്
Publish Date: Tue, 21 Jul 2026 (15:34 IST)
Updated Date: Tue, 21 Jul 2026 (15:37 IST)
പവർകട്ട് സമയത്ത് സർജറി ചെയ്യേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞത് വിവാദത്തിൽ. പവർകട്ട് ഉണ്ടായാൽ കറന്റ് വന്നിട്ട് സർജറിയൊക്കെ ചെയ്താൽ മതിയെന്നാണ് മുരളീധരൻ പറഞ്ഞത്.
ഇന്നത്തെ സാഹചര്യത്തിൽ പവർകട്ട് വേണ്ടിവരും. വൈദ്യുതി മന്ത്രിയും അത് പറഞ്ഞിട്ടുണ്ട്. പവർകട്ട് ഉണ്ടെങ്കിൽ സർജറി നടത്തണ്ട, അതിനു ശേഷം നടത്താം. പവർകട്ട് കഴിഞ്ഞിട്ട് സർജറി നടത്തിയാൽ മതി. അല്ലെങ്കിൽ ജനറേറ്റർ വേണം - മന്ത്രി പറഞ്ഞു.
പവർകട്ടും സർക്കാർ ആശുപത്രിയിൽ ജനറേറ്റർ ഇല്ലാത്തതും ആരോഗ്യമന്ത്രിയുടെ കൂടി ഉത്തരവാദിത്തമല്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം. എത്ര എമർജൻസി ആണെങ്കിലും പവർകട്ട് കഴിയുന്നത് വരെ അരമണിക്കൂറോ ഒരു മണിക്കൂറോ ചികിത്സ നിർത്തിവയ്ക്കണമെന്ന് പറയുന്നത് എന്തൊരു നിരുത്തരവാദിത്തപരമായ പ്രസ്താവനയാണെന്നും ആളുകൾ ചോദിക്കുന്നു.