'ഇതത്ര വലിയ കാര്യമൊന്നുമല്ല, ഇനിയും പോയെന്നിരിക്കും' ; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
വിവാദമാക്കാനും മാത്രം വലിയ സംഭവമല്ല: പിണറായി വിജയൻ
Publish Date: Thu, 11 Jan 2018 (08:43 IST)
Updated Date: Thu, 11 Jan 2018 (08:47 IST)
ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പാർട്ടി സമ്മേളനത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം. ഹെലികോപ്റ്റർ യാത്ര നടത്തിയതിൽ അപാകതയില്ലെന്നും ഇതെല്ലാം സാധാരണ നടക്കുന്ന സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതൊരു അസാധാരണ സംഭവമല്ല, ഇനിയും ഇത്തരം ഹെലികോപ്റ്റർ യാത്രകൾ നടത്തേണ്ടിവരും. മുൻ മുഖ്യമന്ത്രിയും ഇതുപോലെ ഇടുക്കിയിൽ വന്നുപോയിട്ടുണ്ട്. അതുകൊണ്ട് ഇത് വിവാദമാക്കേണ്ടതൊന്നും ഇല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ സിപിഐഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണം നൽകിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തുടർന്ന് സംഭവം വിവാദമായതോടെ ഓഖി ഫണ്ടിൽ നിന്നും പണം അനുവദിച്ചുള്ള ഉത്തരവ് പിന്നീട് റദ്ദാക്കി. പണം വകമാറ്റി ചിലവഴിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.