മുഖ്യമന്ത്രിയുടെ ആകാശയാത്ര: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സിപിഎം; യാത്രയുടെ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
മുഖ്യമന്ത്രിയുടെ വിവാദ പറക്കലിന്‍റെ എട്ട് ലക്ഷം സിപിഎം നൽകും
ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് തുക അനുവദിച്ച സംഭവത്തിൽ സിപിഎം ഇടപെടുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ തിരിച്ചു നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്തുത വിഷയം ചർച്ച ചെയ്ത് പണം നൽകാൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽനിന്നു മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനും തിരികെ മടങ്ങാനും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള തുക അനുവദിച്ചത് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
വാര്‍ത്ത പുറത്തുവന്നതോടെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കും സർക്കാരിനും നേരിടേണ്ടി വന്നത്. സംഭവത്തിൽ പ്രതിപക്ഷം കടുത്ത എതിർപ്പും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഉത്തരവു റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകുകയും ചെയ്തിരുന്നു.