ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കുക; ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ്
ജൂൺ 30 വരെ വൈകിട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
Publish Date: Thu, 18 Jun 2026 (17:31 IST)
Updated Date: Thu, 18 Jun 2026 (17:37 IST)
ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടു. ഫുട്‌ബോൾ ആരാധകരുടെ പൊതുവികാരം മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്ന് പിണറായി പറഞ്ഞു.
' ലോകകപ്പ് നടക്കുന്ന സമയമാണ്. ഈ സമയത്തെ വൈദ്യുതി നിയന്ത്രണം വലിയ പ്രയാസമുണ്ടാക്കും. പൊതുവികാരം മനസിലാക്കാൻ സർക്കാർ തയ്യാറാകണം. ഈ ഘട്ടത്തിലെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുകയാണ്,' പിണറായി പറഞ്ഞു.
ജൂൺ 30 വരെ വൈകിട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലോകകപ്പിലെ 9.30, 10.30 സമയങ്ങളിലെ മത്സരങ്ങൾ നടക്കുമ്പോൾ പവർകട്ട് ഉണ്ടാകുന്നത് ഫുട്ബോൾ പ്രേമികളെ നിരാശരാക്കുകയാണ്. ഇന്നലെ പോർച്ചുഗൽ - കോംഗോ മത്സരം നടക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപകമായി അരമണിക്കൂർ പവർകട്ട് ഉണ്ടായി. ഇതേ തുടർന്ന് ഫുട്ബോൾ പ്രേമികൾ കെ.എസ്.ഇ.ബി ഓഫീസിലേക്കു വിളിച്ചു പരാതിപ്പെടുകയായിരുന്നു.