എന്ത് കൊണ്ട് തോറ്റു?, സിപിഎം റിപ്പോർട്ടിൽ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങൾ വെട്ടി
പാര്‍ട്ടിക്കല്ല നേതാക്കള്‍ക്കാണ് വീഴ്ചപറ്റിയതെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള വിമര്‍ശനം.
Publish Date: Thu, 11 Jun 2026 (08:16 IST)
Updated Date: Thu, 11 Jun 2026 (08:24 IST)
തിരെഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം തയ്യാറാക്കിയ തിരുത്തല്‍ രേഖയില്‍ നേതാക്കള്‍ക്ക് എതിര്‍പ്പ്. കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ വെട്ടിമാറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെതിരെയാണ് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നത്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ രേഖയാക്കിയാല്‍ അത് ഭാവിയില്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്ന് തോമസ് ഐസക്ക് തുറന്നടിച്ചതായാണ് റിപ്പോര്‍ട്ട്.
തളിപറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതിലും പാര്‍ട്ടിക്ക് തെറ്റ് പറ്റിയതായി തിരുത്തല്‍രേഖയില്‍ സിപിഎം സമ്മതിക്കുന്നു. എന്നാല്‍ നേതൃമാറ്റം വേണമെന്നുള്ള കീഴ്ഘടകങ്ങളുടെ നിര്‍ദേശം വെട്ടി.സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിക്കണം, സെക്രട്ടറി എം വി ഗോവിന്ദനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സ്ഥാനമൊഴിയണം എന്നീ ആവശ്യങ്ങള്‍ ബ്രാഞ്ച് മുതല്‍ ജില്ലാകമ്മിറ്റി വരെയുള്ള ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ തിരുത്തല്‍ രേഖയില്‍ നിന്ന് ഒഴിവാക്കി.
അതേസമയം തളിപറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വ്യക്തിപരമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്ന് എം വി ഗോവിന്ദന് സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും പി കെ ശ്യാമളയെ തീരുമാനിച്ചിരുന്നില്ല. എന്നിട്ടും ജില്ലയില്‍ നിന്ന് ശ്യാമള എന്ന ഒറ്റപ്പേര് നല്കിയതാരാണെന്നായി പിന്നീട് ചോദ്യം. ജില്ല കമ്മിറ്റിയുടെ നിര്‍ദേശം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് എം വി ഗോവിന്ദന്റെ വിശദീകരണം.
പാര്‍ട്ടിക്കല്ല നേതാക്കള്‍ക്കാണ് വീഴ്ചപറ്റിയതെന്നാണ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള വിമര്‍ശനം. സംഘടന സമിതി യോഗത്തില്‍ പിബിയില്‍ നിന്ന് വിജു കൃഷ്ണന് , ബി വി രാഘവുലു, കെ ബാലകൃഷ്ണന് എന്നിവര്‍ പ്രത്യേക നിരീക്ഷരായെത്തി. ജനറല്‍ സെക്രട്ടറി എം എ ബേബി, പിണറായി വിജയന്, എം വി ഗോവിന്ദന്, എ വിജയരാഘവന് എന്നിവരാണ് പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങള്‍. കേരളത്തിലെ പ്രശ്നങ്ങള്‍ കേന്ദ്രക്കമ്മിറ്റി പരിശോധിക്കുമെന്നതാണ് നേതാക്കള്‍ നല്കുന്ന സൂചന.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക