Publish Date: Mon, 23 Feb 2026 (08:16 IST)
Updated Date: Mon, 23 Feb 2026 (08:03 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഫെബ്രുവരി 22 മുതല്‍ 26 വരെയുള്ള തീയതികളില്‍ നേരിയ /ഇടത്തരം മഴയ്ക്കും 22 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് IMD അറിയിച്ചു. ചില ഘട്ടങ്ങളില്‍ ഈ വേഗം മണിക്കൂറില്‍ 60 കിലോമീറ്ററിലേക്ക് ഉയര്‍ന്നേക്കാം. ഈ സ്ഥിതി ഫെബ്രുവരി 24 വരെ തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കടലില്‍ കാലാവസ്ഥ അത്യന്തം അനുകൂലമല്ലാത്ത സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 22 മുതല്‍ 24 വരെ ഈ നിരോധനം പ്രാബല്യത്തില്‍ തുടരും. തീരദേശ ജനതയ്ക്ക് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.