എൽഡിഎഫ് പ്രമേയം പാസായി; പാലാ നഗരസഭയിൽ യുഡിഎഫ് തമ്മിലടിയിൽ ദിയ ബിനു പുറത്ത്
26 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസം പാസാകാൻ 14 പേരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്ത് 17 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പ്രമേയം വിജയം കണ്ടത്
Publish Date: Tue, 21 Jul 2026 (16:02 IST)
Updated Date: Tue, 21 Jul 2026 (16:09 IST)
പാലാ നഗരസഭയിലെ യുഡിഎഫ് തമ്മിലടിയെ തുടർന്ന് ദിയ ബിനുവിന് അധ്യക്ഷസ്ഥാനം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫ് നഗരസഭ അധ്യക്ഷയ്ക്കു അധികാരം നഷ്ടമായത്. യുഡിഎഫ് സഖ്യത്തിലെ വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്ത നാല് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്രയായി ജയിച്ച വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും പ്രതിപക്ഷത്തിന്റെ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.
26 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസം പാസാകാൻ 14 പേരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്ത് 17 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പ്രമേയം വിജയം കണ്ടത്.
ചെയർപേഴ്‌സൺ ദിയ ബിനു നേതൃത്വം നൽകുന്ന സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ് കൗൺസിലർമാരും തമ്മിൽ നിലനിന്നിരുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് നഗരസഭാ ഭരണത്തിൽ വൻ വിള്ളലുണ്ടാക്കിയത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ മുന്നണി നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് അംഗങ്ങളായ ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവർ വിപ്പ് മറികടന്ന് യോഗത്തിനെത്തുകയും പ്രമേയത്തെ പിന്തുണയ്ക്കുകയുമായിരുന്നു.
കോൺഗ്രസ് അംഗങ്ങളായ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ, കേരള കോൺഗ്രസിന്റെ മൂന്ന് പ്രതിനിധികളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി, മാണി സി. കാപ്പന്റെ കെ.ഡി.പി അംഗം പ്രിൻസി സണ്ണി എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിന്റെ 12 അംഗങ്ങൾക്ക് പുറമേ വിമത കോൺഗ്രസ് അംഗങ്ങളുടെയും സ്വതന്ത്രയുടെയും പിന്തുണ കൂടി ലഭിച്ചതോടെയാണ് പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായത്.