Publish Date: Mon, 19 Apr 2021 (13:54 IST)
Updated Date: Mon, 19 Apr 2021 (13:57 IST)
ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നായകനായെത്തുന്ന രാജസ്ഥാൻ റോയൽസ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. പഞ്ചാബിനെതിരെ ആധികാരിക ജയം നേടിയ ആത്മവിശ്വാസത്തിൽ ധോണി ഇറങുമ്പോൾ ഡൽഹിയെ മലർത്തിയടിച്ചാണ് രാജസ്ഥാനെത്തുന്നത്.
നിലവിൽ രണ്ട് കളികളിൽ നിന്ന് ഒരു ജയവും തോൽവിയുമായി ലീഗിൽ നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും. ചെന്നൈ ടീമിൽ ആദ്യ രണ്ട് മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം റോബിൻ ഉത്തപ്പ ഇന്ന് ഇറങ്ങിയേക്കും. രാജസ്ഥാൻ മുൻതാരം കൂടിയായ ഉത്തപ്പ രാജസ്ഥാനെ അടുത്തറിയുന്ന കളിക്കാരനാണ്.
അതേസമയം ഓപ്പണിൽ രാജസ്ഥാൻ താരം വോഹ്‌റ ഇതുവരെയും ഫോമിലേക്കെത്തിയിട്ടില്ല. എന്നാൽ ബെൻ സ്റ്റോക്ക്‌സിന് പകരമെത്തിയ ഡേവിഡ് മില്ലറും ക്രിസ് മോറിസും ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. സൂപ്പർ ബൗളർ ആർച്ചർ മടങ്ങിയെത്തിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചതും രാജസ്ഥാന് തുണയാകും.