Publish Date: Thu, 12 Nov 2026 (10:14 IST)
Updated Date: Thu, 12 Nov 2026 (10:51 IST)
Rohit Sharma and Tilak Varma
ഹാർദിക് പാണ്ഡ്യയുടെ കൂടുമാറ്റത്തോടെ മുംബൈ ഇന്ത്യൻസ് പുതിയ നായകനെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടക്കുകയാണ്. മുതിർന്ന താരം രോഹിത് ശർമ വീണ്ടും നായകസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്. എന്നാൽ 39 കാരനായ രോഹിത് വീണ്ടും ക്യാപ്റ്റൻസിയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2027 സീസൺ രോഹിത്തിന്റെ അവസാന ഐപിഎൽ സീസൺ ആയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ടീമിനായി ആസ്വദിച്ചു കളിക്കുക മാത്രമാണ് രോഹിത്തിന്റെ ലക്ഷ്യം. നായകസ്ഥാനം ഏറ്റെടുത്താൽ അത് തന്റെ പ്രകടനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയാണ് രോഹിത്തിനുള്ളത്. മാത്രമല്ല ഫ്രാഞ്ചൈസിയുടെ ഭാവി കൂടി പരിഗണിച്ച് ഏതെങ്കിലും യുവതാരത്തിന് നായകസ്ഥാനം നൽകണമെന്ന ആഗ്രഹവും രോഹിത്തിനുണ്ട്.
ജസ്പ്രിത് ബുംറയും തിലക് വർമയുമാണ് മുംബൈ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന രണ്ട് പ്രധാന താരങ്ങൾ. അതിൽതന്നെ തിലക് വർമയ്ക്ക് സാധ്യത കൂടുതലാണ്. 24 കാരനായ തിലക് ദീർഘകാലത്തേക്ക് ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും. അതിനാൽ തിലകിനെ നായകനാക്കിയാൽ അത് ഭാവിയിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷ മുംബൈ മാനേജ്‌മെന്റിനുണ്ട്. രോഹിത് ശർമയുടെ പിന്തുണയും തിലകിനുണ്ട്. എന്നാൽ സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാൻ തലകിന് സാധിക്കുമോയെന്നതാണ് ആരാധകരുടെ ആശങ്ക.
2027 ൽ ബോർഡർ-ഗാവസ്‌കർ ട്രോഫിയും ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. രണ്ടിലും ഇന്ത്യയുടെ പ്രധാന താരമായിരിക്കും ജസ്പ്രിത് ബുംറ. അതിനാൽ ഐപിഎലിൽ കൂടി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചാൽ അത് താരത്തിന്റെ രാജ്യാന്തര കരിയറിന് ഭാരമാകും. അതുകൊണ്ട് ജസ്പ്രിത് ബുംറയെ നായകനാക്കുന്നതിൽ മാനേജ്‌മെന്റിനുള്ളിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. വർക്ക് ലോഡ് കൂടുമെന്നതിനാൽ തന്നെ നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ബുംറയുടെയും അഭിപ്രായം.
Also Read: പന്ത്, ഹാർദിക്, അർഷ്ദീപ്, ലിവിങ്സ്റ്റൺ; ഇതുവരെ നടന്ന സുപ്രധാന ട്രേഡുകൾ അറിയാം