Sanju Samson: ചെന്നൈ നായകസ്ഥാനത്തേക്ക് സഞ്ജു? ഗെയ്ക്വാദിനെ റിലീസ് ചെയ്യാൻ ആലോചന
ഗെയ്ക്വാദ് ഈ സീസണിൽ 14 കളികളിൽ നിന്ന് 123.44 സ്‌ട്രൈക് റേറ്റിൽ നേടിയത് വെറും 337 റൺസാണ്
Publish Date: Fri, 22 May 2026 (14:16 IST)
Updated Date: Fri, 22 May 2026 (14:38 IST)
Sanju Samson: ഋതുരാജ് ഗെയ്ക്വാദിനെ റിലീസ് ചെയ്യാൻ ചെന്നൈ സൂപ്പർ കിങ്‌സ്. ഈ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് തീരുമാനം. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ഗെയ്ക്വാദ് പരാജയമാണെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തൽ. പ്ലേ ഓഫ് കാണാതെ ടീം പുറത്തായ സാഹചര്യത്തിൽ മാനേജ്‌മെന്റ് ശക്തമായ നടപടികളിലേക്ക് കടന്നേക്കും.
ഗെയ്ക്വാദ് ഈ സീസണിൽ 14 കളികളിൽ നിന്ന് 123.44 സ്‌ട്രൈക് റേറ്റിൽ നേടിയത് വെറും 337 റൺസാണ്. ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിലും മാനേജ്‌മെന്റിനു അതൃപ്തിയുണ്ട്. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാൻ ഗെയ്ക്വാദിനു കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. സഞ്ജു സാംസൺ ടീമിൽ ഉള്ളപ്പോൾ ഗെയ്ക്വാദിനെ പോലൊരു കളിക്കാരന്റെ ആവശ്യമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അതിനാൽ അടുത്ത സീസണിനു മുന്നോടിയായി ഗെയ്ക്വാദിനെ റിലീസ് ചെയ്യും.
14 ഇന്നിങ്‌സുകളിൽ നിന്ന് 165.63 സ്‌ട്രൈക് റേറ്റിൽ 477 റൺസാണ് സഞ്ജു നേടിയത്. 43.36 ആണ് ശരാശരി. മൂന്ന് കളികളിൽ പുറത്താകാതെ നിന്നു. 24 സിക്‌സുകളും 53 ഫോറുകളും താരം നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനുമെതിരെയാണ് സഞ്ജു ഈ സീസണിൽ സെഞ്ചുറി നേടിയത്. രണ്ട് കളികളിലും ചെന്നൈ ജയിക്കുകയും സഞ്ജു കളിയിലെ താരമാകുകയും ചെയ്തു.