രാത്രി ഭക്ഷണവും നിങ്ങളുടെ ഉറക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
രാത്രി കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കും
Publish Date: Tue, 04 Aug 2026 (11:41 IST)
Updated Date: Tue, 04 Aug 2026 (11:45 IST)
രാത്രി നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി നമുക്കിടയിൽ ആരും കാണില്ല. ശരീരത്തിനും മനസിനും ഒരുപോലെ വിശ്രമം അനുവദിക്കേണ്ടത് നല്ല ആരോഗ്യത്തിനു അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും രാത്രി നല്ല ഉറക്കം കിട്ടാതെ നമ്മളിൽ പലരും ബുദ്ധിമുട്ടാറുണ്ട്. രാത്രിയിലെ ഉറക്കം പ്രയാസകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ്.
രാത്രി കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കും. കിടക്കുന്നതിനു രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഭക്ഷണം കഴിച്ച ഉടനെ പോയി ഉറങ്ങാൻ കിടക്കരുത്. ഇത് വയറിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
വളരെ മിതമായി മാത്രം വേണം രാത്രി ഭക്ഷണം കഴിക്കാൻ. കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. വയറ് നിറയെ രാത്രി ഭക്ഷണം കഴിക്കരുത്. വയറിൽ അൽപ്പം സ്ഥലം ഒഴിഞ്ഞു കിടക്കുന്ന വിധം വളരെ ലഘുവായ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. നോൺ വെജ് വിഭവങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ, കാർബോണേറ്റഡ് പാനീയങ്ങൾ എന്നിവ രാത്രി നിർബന്ധമായും ഒഴിവാക്കണം. അമിതമായ എരിവും പുളിയുമുള്ള ഭക്ഷണ സാധനങ്ങൾ രാത്രി കഴിക്കരുത്. പാൽ, ചായ, കാപ്പി തുടങ്ങിയവ രാത്രി ഒരു കാരണവശാലും കുടിക്കരുത്.