ഇലുമ്പൻ പുളി കൂടുതലായി കഴിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഒരുപാട് കാര്യങ്ങൾ
ഇലുമ്പൻ പുളി കൂടുതലായി കഴിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഒരുപാട് കാര്യങ്ങൾ
പ്രകൃതിദത്തമായത് എന്ന് പറഞ്ഞാൽ ഏത് കൊടും വിഷവും കഴിക്കാൻ തയ്യാറായിട്ടുള്ള ആളുകൾ ഈ സമൂഹത്തിൽ ഉണ്ട്. ചില ആരോഗ്യകരമായ കാര്യങ്ങളാണ് ഡോക്‌ടർ ജമാലും ഡോക്‌ടർ ജിമ്മി മാത്യുവും ചേർന്ന് നമുക്ക് പറഞ്ഞുതരുന്നത്. 'പ്രകൃതിയിൽ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അപ്പാടെ വിഴുങ്ങലല്ല ശരിയായ രീതി. അവയിൽ നിന്നും ഉപയോഗപ്രദമായ വസ്തു മാത്രം വേർതിരിച്ചെടുത്തു അതു മാത്രം ശരിയായ അളവിൽ കഴിക്കുക എന്നതാണ് ശാസ്ത്രീയമായ, സുരക്ഷിതമായ രീതി' എന്നും ഇവർ ക്ലിനിക് ഇൻഫോ എന്ന ഫേസ്‌ബുക്ക് പേജിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാൽ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നിൽക്കുന്നത്. വ്യാജ വൈദ്യന്മാർ മരുന്നു മാഫിയ എന്ന സാങ്കൽപ്പിക ഭൂതത്തെ തുറന്നു വിട്ടു അതിനു പിന്നിലൂടെ പടുത്തുയർത്തിയ ഒരു അന്ധവിശ്വാസമാണ് ഈ പ്രകൃതി പ്രേമത്തിന് പിന്നിൽ.
സത്യത്തിൽ പ്രകൃതിയിൽ നിന്നു ലഭിക്കുന്നവയെല്ലാം ആരോഗ്യസംരക്ഷണത്തിനു ഉതകുന്നവയാണോ?
പ്രകൃതിയിലൂടെ ഒന്നു കണ്ണോടിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം എളുപ്പം ലഭിക്കും.
Hemlock എന്ന പേര് പലരുടേയും ഓര്മ്മിയില്‍ കാണും. ഒരു ചെടിയില്‍ നിന്നു ഉല്പ്പാദിപ്പിക്കുന്ന മാരകമായ വിഷമാണ് Hemlock. സോക്രട്ടീസിന്റെ വധശിക്ഷ നടപ്പാക്കിയത് ഹെംലോക്ക് കുടിപ്പിച്ചായിരുന്നു എന്നാണ് ചരിത്രം പറയുന്നതു .
കാഞ്ഞിരക്കായ കണ്ടിട്ടില്ലേ? മരത്തിൽ നിൽക്കുന്നത് കാണാൻ എന്തു ഭംഗിയാണ് ! എന്നാൽ അതിനകത്തെ കുരു നല്ല ഉഗ്ര വിഷമാണ് എന്നു അറിയാത്തവർ കുറവായിരിക്കും..
കുന്നിക്കുരു; ഹാ, ഭംഗിയുടെ പര്യായം. വിഷമാണ് എന്നു അറിയാമല്ലോ.. അതു പോലെ മഞ്ഞ അരളി/ കോളാമ്പി എന്നറിയപ്പെടുന്ന ചെടിയുടെ കായ. കാണാൻ കൊള്ളാം...തിന്നു കഴിഞ്ഞാൽ ഹൃദയം പണിമുടക്കും… കഞ്ചാവ് ചെടി വളരുന്നതും പ്രകൃതിയിൽ ആണല്ലോ...
ഇനിയുമുണ്ട് .. ഉമ്മത്തിൻ കായ.... അമിതമായി കഴിച്ചാൽ വിഷമാണ്.. എന്നാൽ ഈ വിഷക്കായ ആധുനിക വൈദ്യം മാനവരാശിക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുന്നുണ്ട്.. ഒരുപാട് ഉപയോഗങ്ങൾ ഉള്ള ഒരു മരുന്ന് ഇതിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നുണ്ട്.. അതാണ് പ്രകൃതി വാദികളും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം...
പ്രകൃതിയിൽ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അപ്പാടെ വിഴുങ്ങലല്ല ശരിയായ രീതി. അവയിൽ നിന്നും ഉപയോഗപ്രദമായ വസ്തു മാത്രം വേർതിരിച്ചെടുത്തു അതു മാത്രം ശരിയായ അളവിൽ കഴിക്കുക എന്നതാണ് ശാസ്ത്രീയമായ, സുരക്ഷിതമായ രീതി.
പ്രകൃതിയിലെ വിഷ വസ്തുക്കളുടെ കാര്യമാണ് ഈ പറഞ്ഞത്. എന്നാൽ വിഷം അല്ലാത്ത, സാധാരണ നമ്മൾ കഴിക്കുന്ന വസ്തുക്കളുടെ സ്ഥിതി എന്താണ്?
അമിതമായാൽ അമൃതും വിഷം എന്നാണല്ലോ ചൊല്ല് ? അതു ഇവിടെയും ബാധകമാണ്.
ഒരു ഉദാഹരണം പറയാം. ഫ്രൂട്‌സ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്! എന്നാൽ കിഡ്നി രോഗം കലശലായ ഒരാൾ കുറെ ഫ്രൂട്‌സ് ഒറ്റയടിക്ക് അകത്താക്കിയാൽ ഒരു ജീവൻ എടുക്കാൻ ആ ഫ്രൂട്‌സ് മതിയാകും.
എങ്ങനെയെന്നല്ലേ?
ഫ്രൂട്സ്സിൽ പൊട്ടാഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. തകരാറിലായ ഒരു കിഡ്നിക്കു ആരോഗ്യമുള്ള കിഡ്നിയെ പോലെ ശരീരത്തിൽ അമിതമായി എത്തുന്ന പൊട്ടാഷ്യം മൂത്രം വഴി പുറംതള്ളാൻ കഴിയില്ല. ഫലമോ. പൊട്ടാഷ്യത്തിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി കൂടും. അതു ഹൃദയസ്തംഭനത്തിനു കാരണമായി രോഗി മരിച്ചു പോവാം.
ഞാനറിയുന്ന ഒരാളുടെ ബന്ധു, സ്വന്തം രക്തം ടെസ്റ്റ് ചെയ്തപ്പോഴാണ് കൊളസ്‌ട്രോളും ചില കൊഴുപ്പംശങ്ങളും കൂടുതലാണ് എന്നറിയുന്നത്. കുറച്ചുനാള്‍ പഥ്യം നോക്കിയിട്ട് ശരിയാകുന്നില്ലെങ്കില്‍ മരുന്ന് കഴിക്കേണ്ടി വരും എന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴാണ് ആരോ പറഞ്ഞത്, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇലുമ്പന്‍ പുളി നല്ലതാണെന്ന്.
ദിവസവും ഒരു ഗ്ലാസ് ഇരുമ്പന്‍ പുളി ജ്യൂസ് അദ്ദേഹം അകത്താക്കാന്‍ തുടങ്ങി. നാലു ദിവസം കഴിഞ്ഞതേയുള്ളു. ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം… ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ക്രിയാറ്റിനില്‍ വളരെ ഉയർന്നിരിക്കുന്നു. രണ്ട് വൃക്കകളും പൂർണ്ണചമായും പണിമുടക്കിയിരിക്കുന്നു. താൽക്കാലികമായി ഡയാലിസിസ് ചെയ്ത് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഭാഗ്യവശാല്‍ വൃക്കകളുടെ പ്രവർത്തനശേഷി പതിയെ വീണ്ടെടുത്തു.
ഇതുപോലുള്ള പത്തു രോഗികള്‍ ഇലുമ്പന്‍ പുളി ജ്യൂസ് കുടിച്ച് കിഡ്‌നി ഫെയിലിയര്‍ ഉണ്ടായതായി ഇന്ത്യന്‍ വൃക്ക ജേർണ്ണലില്‍ റിപ്പോർട്ടുണ്ട്, (2013). പത്തുപേരും കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിലെ പല ആശുപത്രികളില്‍ നിന്നും ഈയിടെയായി ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍ ശരിക്കും ഇലുമ്പന്‍ പുളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? അതു ശരിക്കും അറിയില്ല. എന്നാല്‍ എലികളില്‍ ഇലുമ്പൻപുരളി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനം ഉണ്ടുതാനും.
ഇലുമ്പൻ പുളി എങ്ങനെ കിഡ്നി തകർക്കും എന്നു അത്ഭുതപ്പെടേണ്ട. നേരത്തെ പറഞ്ഞില്ലേ പ്രകൃതിയിൽ നിന്നു ലഭിക്കുന്ന എന്നത് കൊണ്ട് മാത്രം ഒരു വസ്തുവും ആരോഗ്യം പ്രധാനം ചെയ്യില്ല. ഇലുമ്പൻ പുളിയിൽ മറ്റു പഴ വർഗ്ഗങ്ങളെ അപേക്ഷിച്ചു പതിന്മടങ്ങു കൂടുതലുള്ള oxalate ആണ് വില്ലൻ. ജ്യൂസിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമിതമായ oxalate ശരീരം പുറം തള്ളുന്നത് കിഡ്നി വഴിയാണ്. കിഡ്നി വഴി പുറംതള്ളപ്പെടുന്ന oxalate കിഡ്നി നാളികളിൽ അടിഞ്ഞു കൂടുന്നതാണ് കിഡ്നിയുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. വലിയ അളവിൽ ഒന്നിച്ചു കഴിക്കുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ അളവിൽ സ്ഥിരമായി കഴിച്ചാൽ കിഡ്നിയിൽ oxalate കല്ലുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളിൽ കിഡ്നി ബയോപ്സി ചെയ്തു oxalate അടിഞ്ഞു കൂടിയാണ് പ്രശ്നകാരണമായതെന്ന് സംശയലേശമന്യേ തെളിയിക്കുകയും ചെയ്തതാണ്.
നേരത്തെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ആളുകളാണ് ഇവരെന്നു ഓർക്കണം.
പ്രമേഹത്തിനു വേണ്ടി ഇലുമ്പൻ പുളി ജ്യൂസ് കഴിക്കുന്നവർ പെട്ടന്ന് അപകടത്തിൽ ചാടാൻ സാധ്യത കൂടുതലാണ്. പ്രമേഹവും പ്രഷറും കാരണം നേരത്തെ തന്നെ കിഡ്നി പ്രവർത്തനത്തിൽ ചെറിയ തകരാറുകൾ ഉള്ളവർ ജ്യൂസ് കുടിച്ചാൽ കിഡ്നിയുടെ കാര്യം കഷ്ടമാവും എന്നു എടുത്തു പറയേണ്ടതില്ലല്ലോ.
എന്റെ ചെറുപ്പത്തില്‍ അച്ഛന്റെ ഒരു പരിചയക്കാരന്‍ ആമാശയത്തില്‍ രക്തസ്രാവമുണ്ടായി മൃതപ്രായനായി. വിറ്റാമിന്‍ സി ലഭിക്കാന്‍ എല്ലാ ദിവസവും ഒരു ഗ്ലാസ് ചെറുനാരങ്ങാ ജ്യൂസ് (നാരങ്ങാ വെള്ളമല്ല, വെള്ളം ചേർക്കാത്ത പുളിയന്‍ സാധനം) കഴിക്കുമായിരുന്നത്രേ. ആമാശയത്തില്‍ അമ്ലത കൂടി അൾസ്ര്‍ വന്ന് ബ്ലീഡിംഗ് ആയതാണ്.
അപ്പോള്‍ ഈ നാട്ടുമരുന്നുകളെല്ലാം തട്ടിപ്പും അപകടകാരികളും ആണെന്നാണോ? ഒരിക്കലുമല്ല. അങ്ങനെ പറഞ്ഞാല്‍ ആധുനിക വൈദ്യത്തിലെ മിക്ക മരുന്നുകളേയും തള്ളിപ്പറയേണ്ടിവരും. പലതിന്റെയും ഉത്ഭവം നാട്ടുമരുന്നുകളാണ്!
പതിനഞ്ചാം നൂറ്റാണ്ടില്‍ ജെസ്യൂട്ട് പാതിരിമാരാണ് മലേറിയ എന്ന മഹാമാരിയെ അതിജീവിക്കാന്‍ സൗത്ത് അമേരിക്കയിലെ ഒറിജിനല്‍ നിവാസികള്‍ സിങ്കോണ എന്ന മരത്തിന്റെ തൊലി ചവച്ചു തിന്നാറുണ്ടെന്ന് കണ്ടുപിടിച്ചത്. പതിയെപ്പതിയെ അത് യൂറോപ്പു മുഴുവന്‍ മലേറിയക്കെതിരായി ഉപയോഗിക്കാന്‍ തുടങ്ങി. അന്നത്തെ യൂറോപ്യന്‍ വൈദ്യം ഇതിനെ പുച്ഛിച്ചു തള്ളി. ഈ കാടന്‍ മരുന്ന് കൊണ്ട് ഒരു കാര്യവുമില്ലെന്ന് അന്നത്തെ ഡോക്ടർമാര്‍ ഒക്കെ പറഞ്ഞു. വൈദ്യം ഒരു ശാസ്ത്രമാണ് എന്ന തോന്നല്‍ ഉറച്ചത് പതിനെട്ടാം നൂറ്റാണ്ട് മുതലാണ്. അപ്പോഴാണ് ചില ശാസ്ത്രജ്ഞര്‍ സിങ്കോണ ബാർക്ക് അഥവാ മരത്തോലില്‍ നിന്ന് ക്വിനൈല്‍ എന്ന മരുന്ന് വേർതിരിച്ചെടുത്തത്. ഇന്നും ക്വിനൈന്റെ വകഭേദങ്ങളാണ് മലേറിയ വന്നാല്‍ ചികിത്സിക്കുന്ന മരുന്നുകളേറെയും.
എന്നാല്‍ ക്വിനൈന്‍ പാർശ്വഫലങ്ങളില്ലാത്ത ഒരു മരുന്നല്ല. കാഴ്ച നഷ്ടം തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ ഒരു മരുന്നാണ് ക്വിനൈല്‍.
നമ്മുടെ ഇന്ത്യയില്‍ നാട്ടുവൈദ്യന്മാര്‍ മനോരോഗത്തിന് പണ്ടേ ഉപയോഗിക്കാറുള്ളതാണ് സർപ്പഗന്ധി എന്ന സസ്യത്തിന്റെ വേര്. ഇതില്‍ നിന്ന് വേർതികരിച്ചെടുത്ത ഒരു മരുന്നാണ് റിസർപ്പിന്‍. രക്തസമ്മർദ്ദം കുറക്കാനും ഗുരുതരമനോരോഗങ്ങളുടെ ചികിത്സയ്ക്കും വളരെ നാളുകള്‍ ആധുനിക ഡോക്ടർമാര്‍ റിസർപ്പിന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഇതുപയോഗിക്കുന്നത് കുറഞ്ഞു. ഗുരുതരമായ പല സൈഡ് എഫ്ഫെക്റ്റുകളും ഉണ്ടായിരുന്ന റിസെർപ്പിന്‍ അതിനെക്കാള്‍ മികച്ചതും പാർശ്വഫലങ്ങള്‍ നന്നേ കുറഞ്ഞതുമായ മരുന്നുകള്‍ നിലവില്‍ വന്നതോടെ സ്വാഭാവികമായും പുറംതള്ളപ്പെട്ടു. അതാണല്ലോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതി.
റിസർപ്പിന്‍ നിരവധി ജീവനുകള്‍ രക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ കൂടുതല്‍ മികച്ചവര്‍ വരുമ്പോള്‍ വഴിമാറിക്കൊടുത്തെ പറ്റൂ.
സ്വാഭാവിക ഉറവിടകങ്ങളില്‍ നിന്ന് ഉത്ഭവിച്ച ആധുനിക മരുന്നുകൾക്ക് കൈയും കണക്കുമില്ല. പെനിസിലിന്‍ എന്ന ആന്റിബയോട്ടിക്കിന്റെ കണ്ടുപിടുത്തം മനുഷ്യചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ്. പെനിസിലിയം എന്ന ഒരു പൂപ്പലില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. സ്‌ട്രെപ്‌റ്റോമൈസിന്‍, ക്ലോറംഫെനിക്കോള്‍, ടെട്രാസൈക്ലിന്‍, പോളിമിക്‌സൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളെല്ലാം തന്നെ ബാക്ടീരിയകളില്‍ നിന്നു തന്നെ വേർതിവരിച്ചെടുത്തവയാണ്.
മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുതുടങ്ങിയതിനുശേഷമാണ് അണുജീവികളും അവയുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും പറ്റി നാം മനസ്സിലാക്കുന്നതു തന്നെ. അതിനുശേഷമാണല്ലോ, ബാക്ടീരിയയില്‍ നിന്ന് മരുന്നുണ്ടാക്കാം എന്ന് മനസ്സിലാക്കിയത്.
പാക്ലിടാക്‌സെല്‍ എന്ന അതിനൂതന കാൻസര്‍ മരുന്ന്, ആർട്ടമെസിനിൻ എന്ന മലേറിയ സംഹാരി, ഗാലാന്റിന്‍ എന്ന മസ്തിഷ്‌ക മരുന്ന് ഇവയെല്ലാം ചെടികളില്‍ നിന്ന് എടുത്ത മരുന്നുകൾക്കുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.
എന്തെങ്കിലും ഇഫക്ടുള്ള എന്തിനും സൈഡ് ഇഫക്ടുകള്‍ ഉണ്ടാവാനാണ് സാധ്യത. ഇലുമ്പൻപുുളി കൊളസ്‌ട്രോള്‍ കുറയ്ക്കുമോ? അറിയില്ല. സാദ്ധ്യതയുണ്ട്. ചിലപ്പോള്‍ അപകടം ഉണ്ടാക്കുന്ന ഓക്‌സാലിക് ആസിഡ് ആയിരിക്കില്ല കൊളസ്‌ട്രോള്‍ കുറക്കുന്ന ഘടകം. ചിലപ്പോള്‍ ഇലുമ്പൻപുളി പ്രമേഹത്തേയും പ്രതിരോധിച്ചേക്കാം. അങ്ങനെയും പറഞ്ഞുകേൾക്കുന്നുണ്ട്. അതിന് ഏത് ഘടകമാണ് കാരണം?
ഘടകം തിരിച്ചറിയാതിരുന്ന കാലഘട്ടങ്ങളിലും ഔഷധ പ്രഭാവമുണ്ടെന്നു നിരീക്ഷിച്ച പലതും കാലാകാലങ്ങളില്‍ ജ്യൂസ് ഒക്കെ ആയി കുടിച്ച ചരിത്രം ഉണ്ട്. എന്നാല്‍ ഏതളവില്‍ കുടിക്കാം? എത്രത്തോളം സുരക്ഷിതമാണ് അത്? എന്തുമാത്രം ഇഫക്ട് ഉണ്ട്? ഇപ്പോഴുള്ള ചികിത്സകളേക്കാള്‍ മെച്ചമുണ്ടോ? ഉണ്ടെങ്കില്‍ എന്താണു കാരണം? സ്ഥിര ഉപയോഗം കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?
ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കില്‍ ശാസ്ത്രത്തെ ഒഴിവാക്കുകയോ തരണം ചെയ്യുകയോ ചെയ്താല്‍ പറ്റില്ല.
പൂർണ്ണമായും പാർശ്വ ഫലങ്ങളില്ലാത്ത ഒരു കാര്യമേയുള്ളു – പ്രാര്ത്ഥന.
‘വിശ്വാസം – അതല്ലേ എല്ലാം.’
വിശ്വാസത്തിന്റെ എഫക്ടും പഠിച്ചിട്ടുണ്ട്. അതിന്റെ പേരാണ് പ്ലാസീബോ എഫക്ട്. ഒരു കാര്യം നമ്മുടെ അസുഖത്തെ ഭേദമാക്കും എന്നു വിശ്വസിച്ചാലും അതിനൊരു ഇഫക്ടുണ്ട്. പച്ചവെള്ളം കൊടുത്ത് അത് മരുന്നാണെന്ന് പറഞ്ഞാലും ചില അസുഖങ്ങൾക്ക് ചില ആളുകളിലും ചെറിയ എഫക്ട് ഒക്കെ കാണും. അതിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
അപ്പ ദേ എന്റെ ഒരു ഫ്രണ്ട് പറയുന്നു: ചിലർക്ക് മരുന്നാണെന്ന് പറഞ്ഞ് പച്ചവെള്ളം കൊടുത്താലും സൈഡ് ഇഫക്ട് വരുമത്രെ. നെഗറ്റീവ് പ്ലാസീബോ റെസ്‌പോണ്ടേഴ്സ് എന്നു പറയും ഇവരെ.
പ്രമേഹത്തിനും cholesterol നും ഉപയോഗിക്കുന്ന മരുന്നുകൾ കിഡ്നിയെ ബാധിക്കും എന്ന തെറ്റിദ്ധാരണയാണ് ജനങ്ങളെ ഇത്തരം അബദ്ധങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വ്യാജന്മാരുടെ മനഃപൂർവ്വമുള്ള പ്രചരണങ്ങൾ ഇത്തരം ധാരണകൾക്കു ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. പ്രകൃതിജന്യമായ വസ്തുക്കളിൽ നമുക്ക് ഉപയോഗമുള്ളവ ഏതെന്നു കണ്ടു പിടിച്ചു അതു ബുദ്ധിപൂർവ്വം ഉപയോഗിക്കുകയാണി വേണ്ടത്. അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതി.