വളർത്തുനായ എല്ലായ്‌പ്പോഴും ചെവി കുടയുന്നുണ്ടോ?
ചെവിയിൽ വെള്ളം പോകുക, പ്രാണികൾ പ്രവേശിക്കുക, അസഹ്യമായ ചൊറിച്ചിൽ എന്നിവയെല്ലാം ഉണ്ടെങ്കിൽ ഇത്തരത്തിൽ നായ്ക്കൾ ചെവി കുടയും
Publish Date: Tue, 04 Aug 2026 (11:57 IST)
Updated Date: Tue, 04 Aug 2026 (11:59 IST)
ശരീരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മൃഗങ്ങൾ അതിന്റെ സൂചനകൾ കാണിക്കും. അങ്ങനൊന്നാണ് വളർത്തുനായ്ക്കൾ ചെവി കുടയുന്നത്. ഇതിനെ നിസാരമായി കാണരുത്. ചെവിക്കുള്ളിൽ അണുബാധയുണ്ടെങ്കിൽ ആണ് പ്രധാനമായും നായ്ക്കൾ ചെവി ശക്തിയായി കുടയുന്നതും അടിക്കുന്നതും.
ചെവിയിൽ വെള്ളം പോകുക, പ്രാണികൾ പ്രവേശിക്കുക, അസഹ്യമായ ചൊറിച്ചിൽ എന്നിവയെല്ലാം ഉണ്ടെങ്കിൽ ഇത്തരത്തിൽ നായ്ക്കൾ ചെവി കുടയും. ചെവിക്കുള്ളിലെ പ്രശ്‌നം കണ്ടെത്തി അതിനു ചികിത്സ ഉറപ്പിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. ചെവിക്കുള്ളിലെ അണുബാധ ചിലപ്പോൾ മറ്റു ഗുരുതരമായ അസുഖങ്ങളിലേക്കും വഴിവെക്കാം.
ഹെമറ്റോമ ഓറിസ്
ചെവി ശക്തമായി കുടയുന്നത് വഴി മറ്റൊരു പ്രശ്‌നവും നായ്ക്കളിൽ കാണപ്പെടുന്നു. തുടർച്ചയായി ചെവി കുടയുകയോ അടിക്കുകയോ ചെയ്യുമ്പോൾ രക്തക്കുഴലുകൾ പൊട്ടാൻ കാരണമാകും. അങ്ങനെ രക്തം കട്ടപിടിക്കുകയും അത് ഹെമറ്റോമ ഓറിസ് എന്ന ആരോഗ്യപ്രശ്‌നമാകുകയും ചെയ്യും. നായ്ക്കളുടെ ചെവിയുടെ ആകൃതി മാറുന്നത് ഹെമറ്റോമ ഓറിസ് വരുമ്പോഴാണ്. അതിനാൽ നായ്ക്കളുടെ ചെവിയുടെ ഭാഗത്ത് വീർമത കാണപ്പെടുകയാണെങ്കിൽ അതിനും ചികിത്സ ആവശ്യമാണ്. ശസ്ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.