കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?
മഴക്കാലത്ത് മുരിങ്ങയിലയിൽ വിഷാംശം ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ശാസ്ത്രീയമായി നോക്കിയാൽ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്
Publish Date: Wed, 22 Jul 2026 (11:30 IST)
Updated Date: Wed, 22 Jul 2026 (11:35 IST)
സമൂഹത്തിൽ നിലനിൽക്കുന്ന അശാസ്ത്രീയ പ്രചരണങ്ങളിൽ ഒന്നാണ് 'കർക്കടകത്തിൽ മുരിങ്ങയില കഴിക്കരുത്' എന്നത്. കർക്കടകമോ മഴക്കാലമോ എന്നില്ലാതെ ഏത് കാലഘട്ടത്തിലും കഴിക്കാവുന്ന ഇലക്കറിയാണ് മുരിങ്ങയില. മഴക്കാലത്ത് മാത്രമായി ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ടോക്സിൻസ് മുരിങ്ങയിലയിൽ പ്രവേശിക്കുന്നില്ല. മാത്രമല്ല മുരിങ്ങയില്ല ശരീരത്തിനു ആവശ്യമായ ജീവകങ്ങളും ധാതുക്കളും നൽകുകയും ചെയ്യുന്നു.
മഴക്കാലത്ത് മുരിങ്ങയിലയിൽ വിഷാംശം ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ശാസ്ത്രീയമായി നോക്കിയാൽ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, അയേൺ, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനു മുരിങ്ങയില നല്ലതാണ്. ദഹനം മികച്ചതാക്കാനും മുരിങ്ങയിലയ്ക്കു സാധിക്കും. ശരീരത്തിനു അവശ്യമായ അമിനോ ആസിഡുകൾ, ഇരുമ്പ് എന്നിവയും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.
തങ്ങളെ ആക്രമിക്കാൻ വരുന്ന പ്രാണികളിൽ നിന്ന് രക്ഷ നേടാൻ സാധാരണ എല്ലാ ചെടികളുടെയും ഇലകൾ ചെയ്യുന്നതു പോലെ മുരിങ്ങയിലയും ടോക്സിൻസ് ഉത്പാദിപ്പിക്കുന്നുണ്ട്. മഴക്കാലത്ത് ഈ ടോക്സിനുകളുടെ അളവ് ഇലകളിൽ കുറയുകയാണ് ചെയ്യുക. മാത്രമല്ല ഈ ടോക്സിൻസ് നന്നായി കഴുകി ശേഷം വേവിക്കുമ്പോൾ പൂർണമായി ഇല്ലാതാകുകയും ചെയ്യുന്നു. അതുകൊണ്ട് കർക്കടകത്തിൽ എന്നല്ല ഏത് സമയത്തും മുരിങ്ങയിലയ്ക്ക് ഒരേ ഗുണം തന്നെയാണ്.