Neymar: 'എല്ലാം അവസാനിച്ചിരിക്കുന്നു'; ലോകകപ്പ് തോൽവിക്കു പിന്നാലെ നെയ്മർ ബൂട്ടഴിച്ചു
യുഎസിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ 2010 ലാണ് നെയ്മർ രാജ്യാന്തര ഫുട്‌ബോൾ കരിയറിനു തുടക്കമിട്ടത്
Publish Date: Mon, 06 Jul 2026 (07:53 IST)
Updated Date: Mon, 06 Jul 2026 (08:43 IST)
Neymar: രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ. ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ നോർവേയോട് തോറ്റ് ബ്രസീൽ പുറത്തായതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
' ഞാൻ പരിശ്രമിച്ചു, തുടർച്ചയായി പരിശ്രമിച്ചു. ഇപ്പോൾ അത് അവസാനിച്ചിരിക്കുന്നു. ഇവിടെ നിന്നാണ് ഞാൻ ആരംഭിച്ചത്. ഇവിടെ തന്നെ അവസാനിപ്പിക്കുന്നു.' നെയ്മർ മത്സരശേഷം പറഞ്ഞു.
യുഎസിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ 2010 ലാണ് നെയ്മർ രാജ്യാന്തര ഫുട്‌ബോൾ കരിയറിനു തുടക്കമിട്ടത്. അവിടെ വെച്ച് തന്നെ ഇപ്പോൾ കരിയറും അവസാനിപ്പിച്ചിരിക്കുന്നു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ തോറ്റത്. ഫൈനൽ വിസിലിനു മുൻപ് പെനാൽറ്റിയിലൂടെ ബ്രസീലിനായി ആശ്വാസഗോൾ നേടിയത് നെയ്മറാണ്.
ഈ ലോകകപ്പിൽ പരുക്കിനെ തുടർന്ന് എല്ലാ മത്സരങ്ങളും കളിക്കാൻ നെയ്മറിനു സാധിച്ചിട്ടില്ല. മാത്രമല്ല ഇറങ്ങിയ മത്സരങ്ങളിൽ തന്നെ സബ്സ്റ്റിറ്റിയൂട്ട് ആയി രണ്ടാം പകുതിയിലാണ് കളിച്ചത്. രാജ്യാന്തര കരിയറിൽ ബ്രസീലിനായി 129 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയിട്ടുണ്ട് നെയ്മർ. ബ്രസീലിന്റെ ഓൾടൈം ഗോൾ സ്‌കോറർമാരിൽ ഒന്നാമനാണ് നെയ്മർ.