Brazil vs Norway: ബ്രസീലിന് 'നോ വേ'; മുൻ ചാംപ്യൻമാർ പുറത്ത്, ഹാലണ്ടിന് ഡബിൾ
2002 നു ശേഷം ലോകകപ്പ് നോക്ക്ഔട്ടിൽ യൂറോപ്യൻ ടീമുകളോടു തോറ്റ് പുറത്താകുന്ന നാണക്കേട് ബ്രസീൽ ഇത്തവണയും ആവർത്തിച്ചു
Publish Date: Mon, 06 Jul 2026 (04:07 IST)
Updated Date: Mon, 06 Jul 2026 (04:12 IST)
Brazil vs Norway Match result
Brazil vs Norway: അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ നോർവേയോടു തോറ്റ് പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ തോൽവി. ഇംഗ്ലണ്ട് vs മെക്‌സിക്കോ മത്സര വിജയികളെ നോർവേ ക്വാർട്ടറിൽ നേരിടും.
2002 നു ശേഷം ലോകകപ്പ് നോക്ക്ഔട്ടിൽ യൂറോപ്യൻ ടീമുകളോടു തോറ്റ് പുറത്താകുന്ന നാണക്കേട് ബ്രസീൽ ഇത്തവണയും ആവർത്തിച്ചു. 2002 നു ശേഷം ലോകകപ്പിനായുള്ള കാത്തിരിപ്പ് 28 വർഷത്തിലേക്ക് നീളുന്നതും ബ്രസീൽ ആരാധകരെ നിരാശപ്പെടുത്തുന്നു.
ഒന്നിലേറെ അവസരങ്ങൾ കിട്ടിയിട്ടും ലക്ഷ്യം കാണാൻ കഴിയാതെ പോയ ബ്രസീൽ മത്സരത്തിനു ഫൈനൽ വിസിൽ മുഴങ്ങും മുൻപാണ് ഒരു ഗോൾ തിരിച്ചടിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് നോർവേയുടെ രണ്ട് ഗോളുകളും. സൂപ്പർതാരം എർലിങ് ഹാലണ്ട് ഇരട്ടഗോൾ നേടി ലോകകപ്പ് ഗോളുകളുടെ എണ്ണം ഏഴാക്കി. ലയണൽ മെസിക്കും കിലിയെൻ എംബാപ്പെയ്ക്കും ഒപ്പം ഗോൾ സ്‌കോറർമാരിൽ ഒന്നാമതാണ് ഹാലണ്ടിന്റെ സ്ഥാനം.
12-ാം മിനിറ്റിൽ ബ്രസീലിനു ലഭിച്ച പെനാൽറ്റി ബ്രൂണോ ഗിമേഴ്‌സ് തുലച്ചു. സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ എൻഡ്രിക് 59-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം പാഴാക്കി. നോർവേ ഗോളി നൈലാൻഡ് വൻമതിലായി നിലയുറപ്പിച്ചതോടെ ബ്രസീലിന്റെ ശ്രമങ്ങളെല്ലാം വിഫലം. 79, 90 മിനിറ്റുകളിലാണ് ഹാലണ്ടിലൂടെ നോർവേ സ്‌കോർ ചെയ്തത്. ഫൈനൽ വിസിലിനു മുൻപ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിനു നേരിയ ആശ്വാസമേകി.