FIFA World Cup 2026: ജർമനി റൗണ്ട് 32 വിൽ, ഐവറി കോസ്റ്റിനെ 2-1 നു തോൽപ്പിച്ചു
മുൻ ചാംപ്യൻമാരെ വിറപ്പിച്ച ശേഷമാണ് ഐവറി കോസ്റ്റ് മുട്ടുമടക്കിയത്
Publish Date: Sun, 21 Jun 2026 (08:24 IST)
Updated Date: Sun, 21 Jun 2026 (08:26 IST)
FIFA World Cup 2026: ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനെ 2-1 നു തോൽപ്പിച്ച് ജർമനി റൗണ്ട് 32 വിൽ പ്രവേശിച്ചു. 2014 ൽ കിരീടം നേടിയ ശേഷം ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
മുൻ ചാംപ്യൻമാരെ വിറപ്പിച്ച ശേഷമാണ് ഐവറി കോസ്റ്റ് മുട്ടുമടക്കിയത്. ആദ്യപകുതിയിൽ ഐവറി കോസ്റ്റ് ഒരു ഗോൾ നേടി ജർമനിയെ പ്രതിരോധത്തിലാക്കി. ഫ്രാൻക് കെസിയ ആണ് 30-ാം മിനിറ്റിൽ ഐവറി കോസ്റ്റിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉൻഡവിന്റെ ഇരട്ടഗോളുകളാണ് ജർമനിക്കു രക്ഷയായത്. 68-ാം മിനിറ്റിലാണ് ജർമനിയുടെ സമനില ഗോൾ. മത്സരം സമനിലയാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ രണ്ടാം പകുതിയുടെ എക്‌സ്ട്രാ സമയത്ത് ഉൻഡവ് വീണ്ടും ജർമനിക്കായി സ്‌കോർ ചെയ്തു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും നിയന്ത്രണം ഐവറി കോസ്റ്റിനായിരുന്നെങ്കിലും പ്രതിരോധത്തിലെ രണ്ട് പിഴവുകൾ അവർക്ക് വിനയായി. ഒപ്പം അവസാന നിമിഷം ലീഡ് നേടാൻ കിട്ടിയ അവസരവും തുലച്ചു.