Brazil vs Norway: നോർവേയുടെ 'ഉയരത്തിൽ' ബ്രസീൽ വീഴുമോ? ജീവൻമരണ പോരാട്ടം
കൗണ്ടർ അറ്റാക്കുകളിൽ നോർവേ ശക്തരാണ്. ഓട്ടത്തിലെ വേഗതയും നോർവേയ്ക്കു ഗുണം ചെയ്യും
Publish Date: Sun, 05 Jul 2026 (14:07 IST)
Updated Date: Sun, 05 Jul 2026 (14:10 IST)
Brazil vs Norway: ഫിഫ ലോകകപ്പിൽ ബ്രസീൽ ജീവൻമരണ പോരാട്ടത്തിനിറങ്ങുന്നു. അമേരിക്കയിലെ ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് 16 പോരാട്ടത്തിൽ നോർവേയാണ് ബ്രസീലിനു എതിരാളികൾ. ഇന്ന് അർധരാത്രി (ജൂലൈ ആറ് പുലർച്ചെ) 1.30 നാണ് മത്സരം.
നോർവേയുടെ എർലിങ് ഹാലണ്ടും ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറുമായിരിക്കും ഈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. നോർവേ താരങ്ങളുടെ ഉയരമായിരിക്കും ബ്രസീലിനു വെല്ലുവിളിയാകുക. ഹാലണ്ട് അടക്കമുള്ള താരങ്ങൾ മികച്ച ഉയരമുള്ളവരാണ്. സെറ്റ് പീസുകളിൽ നിന്ന് ഗോൾ കണ്ടെത്താൻ ഈ ഉയരക്കൂടുതൽ നോർവേയെ സഹായിക്കും. മറുവശത്ത് ബ്രസീൽ താരങ്ങൾക്കു നോർവേ താരങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഉയരം കുറവാണ്.
കൗണ്ടർ അറ്റാക്കുകളിൽ നോർവേ ശക്തരാണ്. ഓട്ടത്തിലെ വേഗതയും നോർവേയ്ക്കു ഗുണം ചെയ്യും. വ്യക്തിഗത മികവിൽ ബ്രസീലിന് മുൻതൂക്കമുണ്ടെങ്കിലും, ടീം എന്ന നിലയിൽ നോർവേ ഇതിനകം തന്നെ ഈ ലോകകപ്പിൽ വലിയ ആത്മവിശ്വാസം നേടിയിട്ടുണ്ട്. ഹാലണ്ടിനു പ്രതിരോധം തീർക്കുകയായിരിക്കും ബ്രസീലിന്റെ പ്രധാന പദ്ധതി.
അതേസമയം പന്ത് കൈവശം വെച്ചുള്ള മുന്നേറ്റത്തിലാണ് ബ്രസീൽ കരുത്ത്. വിനീഷ്യസ് ജൂനിയറിന്റെ ഫിനിഷിങ് മികവിൽ ബ്രസീൽ വലിയ പ്രതീക്ഷ പുലർത്തുന്നു. സൂപ്പർതാരം നെയ്മർ നോർവേയ്‌ക്കെതിരെ മുഴുവൻ സമയവും കളിച്ചേക്കും. പരുക്കേറ്റ ബ്രസീൽ താരം ലുക്കാസ് പക്വെറ്റ കളിക്കില്ല. പകരം ആര് ഇറങ്ങുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല.