Drishyam 3: ദൃശ്യം 100 കോടിയിൽ, മോഹൻലാൽ ഈ നേട്ടത്തിലെത്തുന്നത് അഞ്ചാം തവണ
റിലീസിനു ശേഷമുള്ള ആദ്യ അവധി ദിനമായ ഇന്നലെ (ശനി) 13.70 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ
Publish Date: Sun, 24 May 2026 (09:37 IST)
Updated Date: Sun, 24 May 2026 (09:38 IST)
Drishyam 3: മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 3' നൂറ് കോടി ക്ലബിൽ. റിലീസ് ചെയ്തു മൂന്നാം ദിനമാണ് ഈ നേട്ടം കൈവരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് ഈ സന്തോഷം പങ്കുവെച്ചത്.
' 13 വർഷമായി ഞങ്ങൾക്കൊപ്പമുള്ള ഈ യാത്രയിൽ പങ്കുചേരുന്നതിനു നന്ദി. ഈ കഥയോടു നിങ്ങൾക്കുള്ള സ്‌നേഹവും പിന്തുണയും വിശ്വാസവും ഞങ്ങളെ ഓരോ ദിവസവും കൂടുതൽ എളിയവരാക്കുന്നു,' മോഹൻലാൽ കുറിച്ചു. 58 മണിക്കൂറുകൾകൊണ്ടാണ് 100 കോടിയെന്ന നേട്ടം ദൃശ്യം 3 കൈവരിച്ചത്.
റിലീസിനു ശേഷമുള്ള ആദ്യ അവധി ദിനമായ ഇന്നലെ (ശനി) 13.70 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. വെള്ളിയാഴ്ച പ്രവൃത്തിദിനം ആയിട്ടുകൂടി ഇന്ത്യ നെറ്റ് കളക്ഷൻ 11.05 കോടിയായി. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 110 കോടിയിലേക്ക് എത്തിയെന്നാണ് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. കേരള ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി 40 കോടിയോളം കളക്ട് ചെയ്തിട്ടുണ്ട്.
100 കോടി നേട്ടം കൈവരിക്കുന്ന മോഹൻലാലിന്റെ അഞ്ചാമത്തെ സിനിമയാണിത്. പുലിമുരുഗൻ, ലൂസിഫർ, എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.