ജയം കണ്ടത് അൻസിബയുടെ ഒറ്റയാൾ പോരാട്ടം
നടൻ ടിനി ടോമിനെതിരെയായിരുന്നു അൻസിബയുടെ ആദ്യ പരാതി. ടിനിക്കെതിരെ അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു
Publish Date: Sun, 21 Jun 2026 (18:26 IST)
Updated Date: Sun, 21 Jun 2026 (18:27 IST)
താരസംഘടനയായ 'അമ്മ'യിലെ ഭരണസമിതി രാജിവയ്ക്കാൻ കാരണം നടിയും സംഘനയുടെ മുൻ ഭാരവാഹിയുമായ അൻസിബ ഹസന്റെ ഒറ്റയാൾ പോരാട്ടം. തനിക്കെതിരെ സംഘടനയ്ക്കുള്ളിൽ നടന്ന എല്ലാ നെറികേടുകൾക്കും എതിരെ ശക്തമായി പോരാടുകയായിരുന്നു അൻസിബ.
നടൻ ടിനി ടോമിനെതിരെയായിരുന്നു അൻസിബയുടെ ആദ്യ പരാതി. ടിനിക്കെതിരെ അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മതംമാറ്റം അടക്കം നടത്തുന്നു എന്നുപറഞ്ഞ് തന്നെ ജിഹാദി എന്നു വിളിച്ചു. അവിഹിതമുണ്ടെന്ന തരത്തിൽ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ടിനി ടോം വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും അൻസിബ ആരോപിച്ചു. 'അമ്മ'യുടെ കുടുംബസംഗമത്തിനു തലേന്ന് നടി നീന കുറുപ്പിനെ ടിനി ടോം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി മറ്റുള്ളവർ പറഞ്ഞ് താൻ കേട്ടിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. നീന കുറുപ്പ് പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ പറഞ്ഞിരുന്നു.
ടിനിക്കെതിരായ തന്റെ പരാതിയിൽ നടപടിയെടുക്കാൻ പ്രസിഡന്റ് ശ്വേത മേനോൻ അടക്കം മടിച്ചിരുന്നതായും അൻസിബ ആരോപിച്ചിരുന്നു. തുടർന്ന് സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം അൻസിബ രാജിവെച്ചു.
ഇന്ന് നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ അൻസിബ ആഞ്ഞടിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് അൻസിബ കുറ്റപ്പെടുത്തി. തനിക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അൻസിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതെന്ന് അൻസിബ കൂട്ടിച്ചേർത്തു. താൻ പരാതി പറഞ്ഞപ്പോൾ ഊള കേസ് എന്ന് ടിനി ടോം പറഞ്ഞെന്നും തന്നെ മത വർഗീയവാദിയാക്കി ചിത്രീകരിച്ചെന്നും അൻസിബ പറഞ്ഞു.