റിയാലിറ്റി ഷോയാണ് റിയല്‍ ജീവിതമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു സമൂഹമാണോ നമ്മുടേത്? അങ്ങനെയുള്ള ധാരണകളില്‍ മയങ്ങി ജീവിക്കുകയും അത്തരം ഉപരിപ്ലവ വിനോദങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നവരെ ലക്‍ഷ്യമിട്ടാണോ ടി വി ചാനലുകള്‍ ഇപ്പോള്‍ കോടികള്‍ എറിയുന്നത്?
ആണെന്ന് വേണം മനസിലാക്കാന്‍. കാരണം ആ രീതിയിലുള്ള റിയാലിറ്റി ഷോകള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നു. അതില്‍ ഏറ്റവും പുതിയതാണ് ‘എങ്കവീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ. നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുകയാണ് ഈ റിയാലിറ്റി ഷോയിലൂടെ ചെയ്യുന്നത്.
വിവാഹം പോലെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങള്‍ ഒരു ചാനലിന്‍റെ റിയാലിറ്റി ഷോയിലൂടെ നടത്താനുള്ള തീരുമാനങ്ങള്‍ ഇന്ത്യന്‍ ജനത എങ്ങനെ ഉള്‍ക്കൊള്ളും എന്നറിയില്ല. എന്തായാലും ചാനല്‍ ഷോ ഹിറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തനിക്ക് ഇണങ്ങിയ വധുവിനെ ഒരാള്‍ തെരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ഒരു റിയാലിറ്റി ഷോ നടത്തി അതില്‍ വിജയിയാകുന്നയാളെ വധുവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എത്തരം മനഃശാസ്ത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകുന്നില്ല. നല്ല വരനെ കിട്ടുന്നതിനായി പബ്ലിക്കിന് മുന്നില്‍ പെണ്‍കുട്ടികള്‍ മത്സരിക്കുന്ന ഏര്‍പ്പാട് എന്തായാലും അത്ര നല്ല ഒരു സംസ്കാരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുമെന്ന് കരുതാനും വയ്യ.
ഇത്തരം റിയാലിറ്റി ഷോകള്‍ ഇതാദ്യമൊന്നുമല്ല ഇന്ത്യന്‍ ടെലിവിഷനില്‍ എന്നതും ശ്രദ്ധേയം. മുമ്പ് രാഖി സാവന്തിന് വരനെ കണ്ടെത്താന്‍ ‘രാഖി കാ സ്വയംവര്‍’ എന്ന റിയാലിറ്റി ഷോ നടത്തിയത് ഏവരും ഓര്‍ക്കുന്നുണ്ടാവും. ആ ഷോയിലെ വിജയി ടൊറന്‍റോ സ്വദേശിയായ ഇലേഷ് ആയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ആ സ്വയംവരം പരാജയപ്പെട്ടതായി രാഖി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
ആര്യ പറയുന്നത്, താന്‍ ഈ ഷോയുടെ ഭാഗമാകുന്നത് പണത്തിനുവേണ്ടിയല്ല എന്നാണ്. ഈ ഷോയിലൂടെ തനിക്ക് വിവാഹം കഴിക്കണം എന്നാണ് ഞായറാഴ്ച നടത്തിയ പ്രസ് മീറ്റിലും ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്.
ആര്യയ്ക്ക് വധുവാകാനുള്ള മത്സരത്തില്‍ മലയാളി പെണ്‍കുട്ടികളും പങ്കെടുക്കുന്നതിന്‍റെ വാര്‍ത്തകളും സജീവമായി വരുന്നുണ്ട്. എന്തായാലും, വ്യത്യസ്തമായ രീതിയില്‍ ഒരു വിവാഹം നടക്കുമെങ്കില്‍ നല്ല കാര്യം, അതിനുപിന്നിലുള്ള ഉദ്ദേശശുദ്ധി നല്ലതാണെങ്കില്‍.
അല്ലാതെ, റിയാലിറ്റി ഷോ ഹിറ്റാക്കാനുള്ള എളുപ്പവഴിയാണ് ഈ ഐഡിയയെങ്കില്‍, അത് ടി വി കാഴ്ചക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, അത് നല്‍കുന്ന സന്ദേശം അത്ര നല്ലതായിരിക്കില്ല.