Suryakumar Yadav: സൂര്യ തെറിക്കും, ചേരുമോ ശ്രേയസും ഗംഭീറും? സൂര്യവൻശി എത്തിയാൽ തിലകിനും സാധ്യത
സൂര്യക്കു ശേഷം ശ്രേയസ് അയ്യരെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്
Publish Date: Mon, 25 May 2026 (07:38 IST)
Updated Date: Mon, 25 May 2026 (07:41 IST)
Suryakumar Yadav: ഇന്ത്യൻ ടി20 ടീമിൽ സമൂലമായ അഴിച്ചുപണിക്കു സാധ്യത. ഐപിഎലിൽ അമ്പേ നിരാശപ്പെടുത്തിയ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തു നിന്ന് മാറ്റും. പരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. അടുത്ത ട്വന്റി 20 ലോകകപ്പിനു പുതിയ നായകനായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പ്.
ബാറ്റിങ്ങിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന സൂര്യകുമാർ ഐപിഎലിൽ താളം കണ്ടെത്തുമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 13 കളികളിൽ നിന്ന് 147.54 സ്‌ട്രൈക് റേറ്റിൽ സൂര്യ ഈ സീസണിൽ നേടിയത് വെറും 270 റൺസാണ്. ഐപിഎലിൽ അമ്പേ നിരാശപ്പെടുത്തിയതിനാൽ സൂര്യയെ ഇനിയും പിന്തുണയ്ക്കാൻ ഗൗതം ഗംഭീർ തയ്യാറാകില്ല.
' കഴിഞ്ഞ സീസണിനു സമാനമായി 700 റൺസ് നേടി സൂര്യകുമാർ ഫോം വീണ്ടെടുത്തേക്കുമെന്ന് സെലക്ടർമാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സാങ്കേതിക പിഴവുകൾ തിരുത്തി മുന്നേറുന്ന സമീപനം സൂര്യയിൽ നിന്ന് കണ്ടില്ല. തുടക്കക്കാരായ പേസർമാർ പോലും മികച്ച ലെങ്തിൽ പന്തെറിഞ്ഞാൽ സൂര്യ ബുദ്ധിമുട്ടിലാകുന്നു. 2028 ൽ ലോസ് ഏഞ്ചൽസ് ഒളിംപിക്‌സിൽ സൂര്യ കളിക്കില്ലെന്ന് സെലക്ടർമാർ ഉറപ്പിച്ചുകഴിഞ്ഞു,' ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സൂര്യക്കു ശേഷം ശ്രേയസ് അയ്യരെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ പരിശീലകൻ ഗൗതം ഗംഭീറുമായി ശ്രേയസ് അത്ര നല്ല ബന്ധത്തിലല്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 2024 ൽ ഐപിഎൽ കിരീടം നേടിയപ്പോൾ അതിന്റെ ക്രെഡിറ്റ് മെന്റർ ആയിരുന്ന ഗൗതം ഗംഭീറിനു മാത്രം അവകാശപ്പെടുന്ന രീതിയിലേക്ക് മാറിയതിൽ അന്ന് ക്യാപ്റ്റനായിരുന്ന ശ്രേയസിനു അതൃപ്തിയുണ്ടായിരുന്നു. ഇതേ തുടർന്നാണ് ശ്രേയസ് കൊൽക്കത്ത വിട്ടത്.
ഐപിഎലിൽ മികച്ച ഫോമിൽ കളിക്കുകയും ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുകയും ചെയ്യുന്ന ശുഭ്മാൻ ഗില്ലും സൂര്യയുടെ പകരക്കാരനായി എത്തിയേക്കാം. യുവതാരം വൈഭവ് സൂര്യവൻശിയെ ടി20 പദ്ധതികളിൽ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചാൽ ശുഭ്മാൻ ഗിൽ ടി20 യിൽ തിരിച്ചെത്തില്ല. അങ്ങനെ വന്നാൽ തിലക് വർമയെ നായകനാക്കിയേക്കും. തിലകിനെ ഇപ്പോൾ എ ടീം നായകനാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ നായകശേഷി പരീക്ഷിക്കാൻ കൂടിയായിരിക്കും.