Publish Date: Sun, 10 Jul 2022 (16:35 IST)
Updated Date: Sun, 10 Jul 2022 (16:37 IST)
ടി20 പവർപ്ലേയിൽ 500 ഡോട്ട്ബോളുകളെന്ന അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഭുവനേശ്വർ കുമാർ. ടി20യിൽ റൺസ് കൊടുക്കുന്നതിൽ പിശുക്കനെന്ന് അറിയപ്പെടുന്ന ഭുവി കരിയറിലെ തന്നെ മികച്ച ഫോമിലാണുള്ളത്. ആദ്യ ടി20യിൽ ബട്ട്‌ലറിനെ മികച്ചൊരു ഇൻസ്വിങ്ങറിലൂടെ പുറത്താക്കിയ ഭുവി രണ്ടാം ടി20യിലും താരത്തെ പവലിയനിലേക്ക് മടക്കിയിരുന്നു.
ഐപിഎല്ലിലും തുടർന്ന് നടന്ന ഹോളണ്ടിനെതിരായ മത്സരങ്ങളിലും വലിയ സ്കോറുകൾ കണ്ടെത്തിയ ബട്ട്‌ലറിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഇറങ്ങിയത്. എന്നാൽ രണ്ട് മത്സരങ്ങളിലും ഭുവിയുടെ പന്തുകൾക്ക് മറുപടി നൽകാൻ ബട്ട്‌ലറിനായില്ല. ടി20യിൽ ഇത് അഞ്ചാം തവണയാണ് ബട്ട്‌ലർ ഭുവി യുടെ പന്തിൽ മടങ്ങുന്നത്. ടി20 ക്രിക്കറ്റിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും ഭുവനേശ്വർ സ്വന്തമാക്കി. ഇത്തരത്തിൽ 14 വിക്കറ്റുകളാണ് ഭുവിക്കുള്ളത്.