Ben Stokes: ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു
ഇംഗ്ലണ്ട് - ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് ബൗൾ ചെയ്തുകൊണ്ടിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്
Publish Date: Mon, 29 Jun 2026 (07:43 IST)
Updated Date: Mon, 29 Jun 2026 (07:45 IST)
Ben Stokes: ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജിൽ പുരോഗമിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു ശേഷം താൻ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണെന്ന് ബെൻ സ്റ്റോക്‌സ് അറിയിച്ചു.
ഇംഗ്ലണ്ട് - ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് ബൗൾ ചെയ്തുകൊണ്ടിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 35 കാരനായ സ്റ്റോക്‌സ് 15 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനു ഫുൾസ്റ്റോപ്പിടുമ്പോൾ ഇംഗ്ലണ്ടിന്റെ ഒരു സുവർണ കാലഘട്ടത്തിനു കൂടിയാണ് അവസാനമാകുന്നത്.
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം തുടങ്ങുന്നതിനു മുൻപാണ് സ്റ്റോക്‌സ് തന്റെ വിരമിക്കൽ വിവരം ഇംഗ്ലണ്ട് ക്രിക്കറ്റിനെ ഔദ്യോഗികമായി അറിയിച്ചത്. മൂന്നാം ദിനം കളി അവസാനിച്ച ശേഷം ഡ്രസിങ് റൂമിൽ വെച്ച് സ്റ്റോക്‌സ് സഹതാരങ്ങളോടു ഇങ്ങനെ പറഞ്ഞു, ' നിങ്ങളുടെ ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ അവസാന രണ്ട് ദിവസമാണ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം എന്റെ അവസാന രണ്ട് ദിവസങ്ങൾ. എല്ലാവർക്കും നന്ദി,'
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി 7,273 റൺസും 252 വിക്കറ്റുകളും സ്റ്റോക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് നേടിയത് ബെൻ സ്‌റ്റോക്‌സിന്റെ നിർണായക പ്രകടനത്തിലൂടെയാണ്.