ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റ് വിജയത്തിൽ നിൽക്കുന്ന ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയിനു മാസ് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരിശീലന മത്സരം ലഭിച്ചാല്‍ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാകുന്നവരാണ് ഇന്ത്യൻ താരങ്ങൾ എന്ന് കോഹ്ലി വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഇന്നിങ്സിനും അഞ്ച് വിക്കറ്റിനും പരാജയപ്പെടുത്തിയ ശേഷമാണ് ഓസീസ് നായകന്റെ വെല്ലുവിളി. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനും ബംഗ്ലാദേശ് പരമ്പര നേട്ടത്തിനും ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ്. കൂടാതെ തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഇന്നിങ്സ് ജയം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സമ്മതമാണെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പരമ്പരയിലെ ഒരു മത്സരം ഗബ്ബയിലായിരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ അവിടെ വന്ന് ജയിക്കു എന്നുമാണ് ഓസീസ് നായകന്റെ വെല്ലുവിളി. ഇതിനു പരിശീലന മത്സരം ലഭിച്ചാൽ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് കോഹ്ലി വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ ഇന്ത്യ ഇതുവരെയും ജയിച്ചിട്ടില്ലാത്ത വേദി കൂടിയാണ് ഗബ്ബ. 1988ന് ശേഷം ഓസീസ് ഇവിടെ പരാജയപ്പെട്ടിട്ടില്ലെന്നതും ഗബ്ബയുടെ സവിശേഷതയാണ്. പ്രമുഖ ടീമുകളെല്ലാം ഗബ്ബയിൽ ഓസീസ് ആധിപത്യത്തിന് ഇവിടെ അടിയറവ് പറയുകയായിരുന്നു. ഇന്ത്യക്കും ഇവിടെ ഒരു ടെസ്റ്റ് വിജയം നേടാനായിട്ടില്ല.