ലോകകപ്പ് തോൽവിക്ക് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്വങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, മാധ്യമങ്ങൾ ചോദിച്ചപ്പോഴൊക്കെ ഇന്ത്യൻ ടീമിൽ ഭിന്നതയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
ഇരുവരും തമ്മിൽ പിണക്കങ്ങൾ ഉണ്ടായിരുന്നിരിക്കാം, എന്നാൽ ടീമിനെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളോ ഭിന്നതകളോ ഇരുവർക്കുമിടയിൽ ഇല്ലെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പുഞ്ചിരിയില്‍, സ്നേഹത്തോടെ തോളത്തൊരു തട്ടലില്‍ ഒക്കെ അലിഞ്ഞുപോകാവുന്ന പിണക്കങ്ങളേ ഇരുവരും തമ്മിലുള്ളൂ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഇരുവരുടെയും ബന്ധത്തെ ചൊല്ലി ആശങ്ക പ്രകടിപ്പിക്കുന്ന ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന ഒരു കാഴ്ചയാണ് ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മ അവിശ്വസനീയം ക്യാച്ച് എടുത്തപ്പോൾ കണ്ടത്. ബംഗ്ലാദേശ് നായകന്‍ മൊഹമിനുല്‍ ഹഖിനെയാണ് മൂന്നാം സ്ലിപ്പില്‍ നിന്നും രണ്ടാം സ്ലിപ്പിലേക്ക് ചാടി രോഹിത്ത് അവിശ്വസനീയമായി പിടിച്ച് പുറത്താക്കിയത്.
രോഹിതിന്റെ ക്യാച്ചിൽ ഏറ്റവും അധികം സന്തോഷിച്ചത് അടുത്ത് നിന്ന കോഹ്ലിയാണ്. രോഹിതിനെ കെട്ടിപ്പിടിക്കുകയും ചെയ്തു ക്യാപ്റ്റൻ. ഇതിലൂടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരികയാണ്. ഇതിനു മുന്നേയുള്ള മത്സരങ്ങളിലും ഇവരുടെ സൌഹൃദം വ്യക്തമാകുന്ന ചില സന്ദർഭങ്ങൾ അരങ്ങേറിയിരുന്നു. ഇതോടെ ‘കോഹ്ലി - രോഹിത്’ ആരാധകർ തമ്മിൽ തല്ല് നിർത്തിയിരിക്കുകയാണെന്ന് പറയാം.