ക്രിക്കറ്റിനെ ജെന്റിൽമാന്മാരുടെ ഗളി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് അക്ഷരംപ്രതി സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ചരിത്ര ടെസ്റ്റിന്റെ ആദ്യ ദിനം മനുഷ്യത്വത്തിനും സാഹോദര്യത്തിനും വിലയുണ്ടെന്ന് ഇന്ത്യൻ ടീം തെളിയിച്ചിരിക്കുകയാണ്.
ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ വന്നിടിച്ച് പരിക്കു പറ്റിയ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ ടീമിന്റെ ഫിസിയോയാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തങ്ങളുടെ ടീമിന്റെ ഫിസിയോയെ തൽക്ഷണം വിളിച്ച് വരുത്തിയത്.
പേസര്‍ മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ നയീം ഹസന്റെ തലയില്‍ നേരിട്ട് വന്നിടിച്ച് തെറിച്ച ശേഷമായിരുന്നു സംഭവം. തുടര്‍ന്ന് ഹെല്‍മറ്റ് അഴിച്ച് നയീം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കളി നിര്‍ത്തി വയ്ക്കുകയായിരുന്നു. ബംഗ്ലാ ടീമിന്റെ ഫിസിയോ മറ്റ് തിരക്കിലായിരുന്നു. ഇത് കണ്ട കോഹ്ലി ടീം ഇന്ത്യയുടെ ഫിസിയോ നിതില്‍ പട്ടേലിനെ കൈ കൊണ്ട് വിളിക്കുകയായിരുന്നു. നിതില്‍ ഗ്രൗണ്ടിലേക്കു ഓടിയെത്തുകയും തുടര്‍ന്നു നയീമിനെ പരിശോധിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. കുഴപ്പമില്ലെന്നു നയീം അറിയിച്ചകോടെയാണ് അദ്ദേഹം തിരിച്ചുപോയത്. ഇതിനു പിറകെ ബംഗ്ലാദേശ് ടീമിന്റെ ഫിസിയോയും ഗ്രൗണ്ടില്‍ വന്ന് താരത്തെ പരിശോധിച്ചിരുന്നു.
നയീമിനു പരിക്കേല്‍ക്കുന്നതിനു മുമ്പ് ലിറ്റണ്‍ ദാസിനും സമാനായ രീതിയില്‍ പരിക്ക് പറ്റിയിരുന്നു. ഷമിയുടെ ബൗണ്‍സര്‍ തലയില്‍ വന്നിടിച്ചതിനെ തുടര്‍ന്നു താരം കളം വിടുകയായിരുന്നു.