ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കസേര ഉറപ്പിച്ച് ടീം ഇന്ത്യ. ഇന്ത്യയെ പിടിച്ച് കെട്ടാനാകാതെ മറ്റ് ടീമുകൾ. ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ജയിച്ച ഇന്ത്യ നൂറില്‍ നൂറുമായി പോയിന്റ് പട്ടികയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. 360 പോയിന്റോടെയാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ അമരത്തു നില്‍ക്കുന്നത്.
കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലും ജയിച്ചതോടെ ഇന്ത്യയെ തൊടാൻ പോലുമാകാതെ പാതിവഴിയിൽ അമ്പരന്ന് നിൽക്കുകയാണ് മറ്റ് ടീമുകൾ. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യ തൂത്തുവാരിയത്.
രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയ ആണുള്ളത്. 116 പോയിന്റാണ് ഓസ്ട്രേലിയയുടെ ആകെ സമ്പാദ്യം. ഇന്ത്യയുടെ പകുതി സമ്പാദ്യം പോലും രണ്ടാം സ്ഥാനക്കാർക്കില്ല എന്നതും ശ്രദ്ധേയം. കളിച്ച ആറു ടെസ്റ്റുകളില്‍ മൂന്നു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് കംഗാരുപ്പടയ്ക്കുള്ളത്. 60 പോയിന്റ് മാത്രമുള്ള ന്യൂസിലാന്‍ഡാണ് പട്ടികയിലെ മൂന്നാംസ്ഥാനക്കാര്‍. ഇതേ പോയിന്റുള്ള ശ്രീലങ്ക നാലാമതുണ്ട്.
ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും ഒമ്പത് പരമ്പരകളില്‍ വീതം കളിക്കേണ്ടി വരും. ടെസ്റ്റ് പരമ്പരയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഓരോ ടെസ്റ്റിന്റേയും ഫലം പരിഗണിച്ചാണ് ടീമിന് പോയിന്റ് ലഭിക്കുക. മാത്രമല്ല പരമ്പരയില്‍ എത്ര ടെസ്റ്റുകളുണ്ടെന്നതും ലഭിക്കുന്ന പോയിന്റില്‍ മാറ്റം വരുത്തും. രണ്ടു ടെസ്റ്റുകളുടെ പരമ്പയിലെ ഒരു ടെസ്റ്റ് ജയിച്ചാല്‍ 60 പോയിന്റാണ് ടീമിനു ലഭിക്കുക. ടെസ്റ്റ് സമനിലയിലാവുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഇരുടീമിനും 30 പോയിന്റ് ലഭിക്കും.