Publish Date: Mon, 11 Oct 2021 (15:18 IST)
Updated Date: Mon, 11 Oct 2021 (15:24 IST)
തനിയാവര്‍ത്തനത്തിലെ ബാലനേയും ന്യൂഡല്‍ഹിയിലെ ജി.കൃഷ്ണമൂര്‍ത്തിയേയും സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ല. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായിരുന്നു ഇതു രണ്ടും. 1987ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി ലഭിക്കാന്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ മതിയായിരുന്നു. എന്നാല്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച മാഷ് മമ്മൂട്ടിയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു.
നെടുമുടി വേണുവിന്റെ മികച്ച പ്രകടനം മമ്മൂട്ടിയുടെ അവാര്‍ഡ് നഷ്ടമാക്കി. മമ്മൂട്ടിയെ കടത്തിവെട്ടി 1987 ല്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് നെടുമുടി വേണുവായിരുന്നു. മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്.
മികച്ച നടനുള്ള പുരസ്കാരത്തിനായി ഇരുവരും തമ്മില്‍ അവസാനം വരെ പോരാടിയിരുന്നു. ആ വര്‍ഷത്തെ ജൂറിയും ഏറെ ബുദ്ധിമുട്ടി. മികച്ച രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള മത്സരം ശരിക്കും പ്രേക്ഷകരെയും ആകെ അമ്പരപ്പെടുത്തിയിരുന്നു.